'ജീവിതത്തിൽ നായകനാവാൻ നിലപാട് വേണം, അത് പറയാനുള്ള ധീരതയും' പൃഥ്വിരാജിനെ പ്രശംസിച്ച് ഷാഫി പറമ്പിൽ
ഫേസ്ബുക് കുറിപ്പിലൂടെയാണ് ഷാഫി പൃഥ്വിരാജിന് പിന്തുണ അറിയിച്ചത്.
ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സംഘപരിവാർ സൈബർ ആക്രമണങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ്സ് നേതാവും പാലക്കാട് എം.എൽ.എയുമായ ഷാഫി പറമ്പിൽ. ഫേസ്ബുക് കുറിപ്പിലൂടെയാണ് ഷാഫി പൃഥ്വിരാജിന് പിന്തുണ അറിയിച്ചത്.
ക്യാമറക്ക് മുന്നിൽ നായകനാവാൻ അഭിനയ മികവ് വേണം, ജീവിതത്തിൽ നായകനാവാൻ നിലപാടും. ലക്ഷദ്വീപ് വിഷയത്തിൽ നിലപാട് തുറന്നു പറയാനുള്ള ധീരത കാട്ടിയ പൃഥ്വിരാജിന് പിന്തുണ. ഷാഫി ഫേസ്ബുക് കുറിപ്പിലൂടെ പൃഥ്വിരാജിനെ പ്രശംസിച്ചു.
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെ ആദ്യം വിമർശനവുമായി എത്തിയ താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. ഇതിനുപിന്നാലെ സംഘപരിവാർ പ്രൊഫൈലുകൾ സൈബർ സ്പേസിൽ വലിയ തരത്തിലുള്ള ആക്രമണമാണ് താരത്തിനെതിരെ അഴിച്ചുവിട്ടത്. ലക്ഷദ്വീപിലെ കേന്ദ്ര അധിനിവേശ നീക്കത്തെ വിമർശിച്ച പൃഥ്വിരാജിന്റെ ഫേസ്ബുക് പോസ്റ്റിനെ അധിക്ഷേപിച്ച് ജനം ടി വി എഡിറ്ററും ലേഖനം എഴുതിയിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിലുണ്ടായ വ്യാപക പ്രതിഷേധത്തെ തുടർന്ന് പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
വിടി ബൽറാം, പി.കെ അബ്ദു റബ്ബ് നടന്മാരായ അജു വര്‍ഗ്ഗീസ്, ആന്‍റണി വര്‍ഗ്ഗീസ് സംവിധായകരായ മിഥുന്‍ മാനുവല്‍ തോമസ്, ജൂഡ് ആന്റണി അടക്കമുള്ള പ്രമുഖരും നേരത്തെ പൃഥ്വിരാജിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.