ശബരീനാഥന്റെ അറസ്റ്റ് രേഖ വ്യാജം, മുഖ്യമന്ത്രി ഭീരുവെന്ന് ഷാഫി പറമ്പിൽ
കേരളത്തിന്‍റെ മുഖ്യമന്ത്രി ഒരു ഭീരുവാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കണമെന്ന് പറയുന്നത് എങ്ങനെ അറസ്റ്റിന് കാരണമാകും. കരിങ്കൊടി പ്രതിഷേധത്തെ പോലും നേരിടാനുള്ള ആർജവം ആഭ്യന്തര മന്ത്രിക്കില്ല. അറസ്റ്റിനെ രാഷ്ട്രീയമായി നേരിടാനുള്ള ആർജവം യൂത്ത് കോൺഗ്രസിനും കോൺഗ്രസിനുമുണ്ടെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്തെന്ന രേഖ വ്യാജമെന്ന് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ഇല്ലാത്ത അറസ്റ്റ് ചൂണ്ടിക്കാട്ടി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. പൊലീസ് സ്റ്റേഷനിൽ നടക്കുന്നത് വ്യാജ രേഖ ചമക്കലാണ്. സാക്ഷിയായി വിളിച്ചു വരുത്തിയയാളെ ചോദ്യം ചെയ്യുന്നതിന് മുമ്പ് എങ്ങനെയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നതെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
മുഖ്യമന്ത്രിയുടെയും ഇടത് സർക്കാറിന്‍റെയും ഭീരുത്വമാണ് കാണിക്കുന്നത്. കേരളത്തിന്‍റെ മുഖ്യമന്ത്രി ഒരു ഭീരുവാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കണമെന്ന് പറയുന്നത് എങ്ങനെ അറസ്റ്റിന് കാരണമാകും. കരിങ്കൊടി പ്രതിഷേധത്തെ പോലും നേരിടാനുള്ള ആർജവം ആഭ്യന്തര മന്ത്രിക്കില്ല. അറസ്റ്റിനെ രാഷ്ട്രീയമായി നേരിടാനുള്ള ആർജവം യൂത്ത് കോൺഗ്രസിനും കോൺഗ്രസിനുമുണ്ടെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
വിമാനയാത്രക്കിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിലാണ് കെ.എസ്. ശബരീനാഥൻ അറസ്റ്റിലായത്. ചോദ്യം ചെയ്യലിന് ശംഖുമുഖം അസി. കമീഷണർ മുമ്പാകെ ഹാജരായതിന് പിന്നാലെയാണ് ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം പുറത്തുവിടാതിരുന്ന പൊലീസ്, ശബരീനാഥന്റെ മുൻകൂർ ജാമ്യാപേക്ഷ പരഗണിച്ച തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ അഭിഭാഷകൻ മുഖേനെ അറിയിക്കുകയായിരുന്നു.
ശബരിനാഥന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സർക്കാർ അഭിഭാഷകൻ അറസ്റ്റ് വിവരം അറിയിച്ചത്. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്ത സമയം അടക്കമുള്ള രേഖകൾ ഉടൻ ഹാജരാക്കണമെന്ന് കോടതി അഭിഭാഷകനോട് നിർദേശിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ഉടൻ തന്നെ കോടതി പരിഗണിക്കും.
വിമാനത്തിൽ പ്രതിഷേധത്തിനു നിർദേശം നൽകിയത് ശബരീനാഥനാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇതിന്റെ വാട്സ്ആപ് സ്ക്രീൻ ഷോട്ടുകൾ പൊലീസിന് ലഭിച്ചു. യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ നിന്നുള്ള വിവരങ്ങളാണ് പുറത്തു പോയത്.
മുഖ്യമന്ത്രി കണ്ണൂർ -തിരുവനന്തപുരം വിമാനത്തിൽ വരുന്നുണ്ടെന്നും രണ്ടു പേർ വിമാനത്തിൽ കയറി കരിങ്കൊടി കാണിച്ചാൽ എന്തായാലും വിമാനത്തിൽ നിന്ന് പുറത്തിറക്കാൻ കഴിയില്ലല്ലോ എന്നുമുള്ള സന്ദേശമാണ് ശബരീനാഥന്റേതായി പ്രചരിക്കുന്നത്. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.