'ആ ചെറുപ്പക്കാരന്റെ കഠിനാദ്ധ്വാനത്തിന്റെ സോഴ്സ് എന്താണെന്ന് ഞങ്ങൾ പറയാം, മനുഷ്യത്വം..!' ഷാഫി പറമ്പിൽ

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസിന് പിന്തുണയുമായി ഷാഫി പറമ്പിൽ.

Update: 2021-05-14 11:48 GMT
Advertising

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസിന് പിന്തുണയുമായി ഷാഫി പറമ്പിൽ. ബി വി ശ്രീനിവാസിനെ ഡൽഹി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത സംഭവത്തിലാണ് തങ്ങളുടെ ദേശീയ അധ്യക്ഷന് പിന്തുണ അറിയിച്ച് ഷാഫി പറമ്പിൽ രംഗത്തെത്തിയത്. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു ഷാഫിയുടെ പ്രതികരണം.

'ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വന്നു എന്ന് പറയപ്പെടുന്ന സമയത്തുപോലും അയാൾ അയാളുടെ ചുമതലകൾ നിറവേറ്റുകയാണ്‌, ബന്ധുവിന് ഓക്സിജൻ ലെവൽ താഴുന്നു എന്ന് പറഞ്ഞ് സുഹൃത്ത് അയച്ച മെസ്സേജ് പ്രസിഡന്റിന് ഉടനെ തന്നെ ഫോർവേഡ് ചെയ്തിരുന്നു . ആ മെസ്സേജിലുള്ള കോണ്ടാക്ട് നമ്പറിൽ ഞാൻ വിളിക്കുന്നതിന് മുന്നേ വിളിച്ച് ഒരു ഹോസ്പ്പിറ്റൽ ബെഡ് കിട്ടാനുള്ള ശ്രമം അയാൾ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു' ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

ബി.വി ശ്രീനിവാസിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വലിയ തരത്തിൽ ദേശീയതലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയും പ്രശംസയും ലഭിക്കുന്നതിനിടയിലാണ് ക്രൈം ബ്രാഞ്ചിന്റെ നടപടി. കോവിഡ് മരുന്നുകൾ അനധികൃതമായി വിതരണം ചെയ്തു എന്ന് ആരോപിച്ചാണ് ശ്രീനിവാസിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം എത്തിയത്. ശ്രീനിവാസിന്റെ നേതൃത്വത്തിൽ നടക്കുന്ന കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സോഴ്സ് വ്യക്തമാക്കണമെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

ഒരു ചെറുപ്പക്കാരന്റെ കഠിനാദ്ധ്വാനത്തിന്റെ സോഴ്സ് എന്താണെന്ന് ഞങ്ങൾ പറയാമെന്നും അത് മനുഷ്യത്വമാണെന്നും ശ്രീനിവാസിനെതിരായ നടപടിയിൽ ഷാഫി തുറന്നടിച്ചു.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വന്നു എന്ന് പറയപ്പെടുന്ന സമയത്തും അയാൾ അയാളുടെ ചുമതലകൾ നിറവേറ്റുകയാണ്‌ . ബന്ധുവിന് ഓക്സിജൻ ലെവൽ താഴുന്നു എന്ന് പറഞ്ഞ് സുഹൃത്ത് അയച്ച മെസ്സേജ് പ്രസിഡന്റിന് ഉടനെ തന്നെ ഫോർവേഡ് ചെയ്തിരുന്നു . ആ മെസ്സേജിലുള്ള കോണ്ടാക്ട് നമ്പറിൽ ഞാൻ വിളിക്കുന്നതിന് മുന്നേ വിളിച്ച് ഒരു ഹോസ്പ്പിറ്റൽ ബെഡ് കിട്ടാനുള്ള ശ്രമം അയാൾ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു .

ജീവ വായുവിന് വേണ്ടി ഈ രാജ്യം കെഞ്ചേണ്ടി വരുമ്പോൾ,

കരിയില കൂട്ടിയിട്ട് കത്തിക്കുന്ന പോലെ മൃതദേഹങ്ങൾ കത്തിക്കേണ്ടി വരുമ്പോള്‍ ,

ചപ്പ് ചവറ് പോലെ ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്ന ഗതികേടുള്ളപ്പോൾ ,

ഓക്സിജൻ സിലിണ്ടറുമായി ഓടിയെത്തുന്ന,ഹോസ്പിറ്റൽ ബെഡും വെന്റിലേറ്ററും ഏർപ്പാട് ചെയ്യുന്ന , രക്തവും പ്ലാസ്മയും തെരുവിൽ അലയുന്നവർക്ക് ഭക്ഷണവും കൊടുക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഠിനാദ്ധ്വാനത്തിന്റെ സോഴ്സ് എന്താണെന്ന് ഞങ്ങള് പറയാം .. മനുഷ്യത്വം .

ചെറു രാജ്യങ്ങൾ പോലും ഇന്ത്യന്‍ ജനതക്ക് സഹായ വാഗ്ദാനം ചെയ്യുമ്പോഴും രാജ്യത്തെ ജനങ്ങളെ മറന്ന് സെൻട്രൽ വിസ്ത കെട്ടി കൊണ്ടിരിക്കുന്ന അഭിനവ നീറോയ്ക്ക് അത് മനസ്സിലാവണമെന്നില്ല ...

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News