ഷാജഹാൻ വധം: കസ്റ്റഡിയിലുള്ള രണ്ടുപേരെ കാണാനില്ല; പരാതിയുമായി അമ്മമാർ, പൊലീസ് സ്റ്റേഷനിൽ പരിശോധന
മക്കളെ കാണാനില്ലെന്ന പരാതിയുമായി കസ്റ്റഡിയിലുള്ള ജയരാജിന്റെ അമ്മ ദൈവാനി, ആവാസിന്റെ അമ്മ പുഷ്പ എന്നിവർ കോടതിയെ സമീപിക്കുകയായിരുന്നു
പാലക്കാട്: സി.പി.എം പാലക്കാട് കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളെ കാണാനില്ലെന്ന് പരാതി. ആവാസ്, ജയരാജ് എന്നിവരെയാണ് കാണാതായതായി പരാതിയുള്ളത്. ഇരുവരുടെയും കുടുംബമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് കോടതിയെ സമീപിച്ചത്. സംഭവത്തിൽ കോടതി കോടതി അന്വേഷണ കമ്മീഷനെ നിയമിച്ചു.
ഷാജഹാൻ വധത്തിൽ കഴിഞ്ഞ 16നാണ് ജയരാജിനെയും ആവാസിനെയും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. എന്നാൽ, മക്കളെ കാണാനില്ലെന്ന പരാതിയുമായി ജയരാജിന്റെ അമ്മ ദൈവാനി, ആവാസിന്റെ അമ്മ പുഷ്പ എന്നിവരാണ് ഇന്ന് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് പരാതിയിൽ അന്വേഷണം നടത്താൻ കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ചത്. കമ്മീഷൻ ശ്രീരാജ് വള്ളിയോട് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തി.
ഈ മാസം 14നു രാത്രിയാണ് ഷാജഹാൻ കൊല്ലപ്പെട്ടത്. കുന്നങ്കാട്ട് ഒരു കടയ്ക്കു മുന്നിൽ സുഹൃത്തിനൊപ്പം സംസാരിച്ചുനിൽക്കുന്നതിനിടെ ഒരു സംഘം വടിവാൾ കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവത്തിൽ മുഖ്യ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ, കൊലപ്പെടുത്തിയ സംഘത്തിലുള്ള കുന്നങ്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27), മറ്റു പ്രതികളായ വിഷ്ണു, എസ്. സുനീഷ്, എൻ. ശിവരാജൻ, കെ. സതീഷ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Summary: Two youths in custody in Shahjahan's murder are missing, their mothers complain in Palakkad court