പാവങ്ങള്‍ എന്തു ചെയ്യും? പിണറായിസത്തിനെതിരെയുള്ള പോരാട്ടം അവസാനംവരെ തുടരും-ഷാജൻ സ്‌കറിയ
മതവിദ്വേഷക്കേസിൽ ചോദ്യംചെയ്യലിനായി ഇന്നു രാവിലെ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായ ഷാജൻ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
മലപ്പുറം: തന്‍റെ അറസ്റ്റ് അന്യായമാണെന്ന് മറുനാടൻ മലയാളി എഡിറ്ററും ഉടമയുമായ ഷാജൻ സ്‌കറിയ. പൊലീസ് പിണറായി വിജയന്റെ അടിമകളായി മാറിയിരിക്കുകയാണ്. പിണറായിസത്തിനെതിരെയുള്ള പോരാട്ടം അവസാനംവരെ തുടരുമെന്നും ഷാജൻ മാധ്യമങ്ങളോട് പറഞ്ഞു.
നിലമ്പൂരിൽനിന്ന് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെയാണ് ഷാജന്റെ പ്രതികരണം. ''ഇത് അന്യായമാണ്. എന്നെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിട്ടുണ്ട്. എന്നിട്ടും എന്നെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയാണ്. പിണറായി വിജയന്റേ കാലത്തേ ഇങ്ങനെയൊക്കെ നടക്കൂ. അടിമകളായി മാറിയിരിക്കുകയാണ് പൊലീസുകാർ. പാവങ്ങൾ എന്തു ചെയ്യും.''-ഷാജൻ പറഞ്ഞു.
എനിക്ക് ഒരു ബന്ധവുമില്ലാത്ത കേസാണിത്. പൊലീസിനോടു സംസാരിക്കുമ്പോൾ സങ്കടം തോന്നുമെന്നും അദ്ദേഹം പറഞ്ഞു. ഇത് പിണറായിസത്തിനെതിരെയുള്ള പോരാട്ടമാണ്. അവസാനം വരെ ഈ പോരാട്ടം തുടരുമെന്നും ഷാജൻ സ്‌കറിയ വ്യക്തമാക്കി.
തൃക്കാക്കര പൊലീസ് നിലമ്പൂരിലെത്തിയാണ് ഷാജനെ അറസ്റ്റ് ചെയ്തത്. മതവിദ്വേഷക്കേസിൽ ചോദ്യംചെയ്യലിനായി ഇന്നു രാവിലെ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായതായിരുന്നു. കേസിൽ സ്‌റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തൃക്കാക്കര പൊലീസിന്റെ അറസ്റ്റ് നടപടി.
ബി.എസ്.എൻ.എല്ലിന്റെ പേരിൽ വ്യാജരേഖ ചമച്ചു തട്ടിപ്പുനടത്തിയെന്ന കേസിലാണ് അറസ്റ്റ്. ഡൽഹി സ്വദേശിയും മലയാളിയുമായ രാധാകൃഷ്ണൻ നൽകിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. നേരത്തെ, വിദ്വേഷക്കേസിൽ ഇന്ന് നിലമ്പൂർ എസ്.എച്ച്.ഒയ്ക്കു മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഹാജരായില്ലെങ്കിൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
Summary: Marunadan Malayali owner and Editor Shajan Scaria alleges that his arrest is unfair