ഷാജൻ സ്‌കറിയയുടേത് സംഘിയുടെ സംസാരം, മുസ്‌ലിംകളെ അടച്ചാക്ഷേപിക്കുന്ന പ്രവണത: കെ.മുരളീധരൻ
"കോൺഗ്രസ് നേതാക്കൾ ജന്തുക്കളാണെന്ന് പറഞ്ഞ ആളോട് കോൺഗ്രസുകാരനായ എനിക്ക് അനുകൂലിക്കാൻ പറ്റുമോ?"
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ നിലപാടുകളോട് വിയോജിപ്പുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. മുസ്‌ലിംകൾക്കെതിരെയുള്ള പരാമർശങ്ങൾ ഒരു സംഘിയുടെ സംസാരം പോലെയാണ് തോന്നിയതെന്നും മറുനാടന്റേത് മാന്യമായ വിമർശനങ്ങളായി തോന്നിയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
"മറുനാടന്റെ പല നിലപാടുകളോടും എതിർപ്പുണ്ട്. ഇതിൽ പ്രധാന കാരണം, അവരുടെ വിമർശനങ്ങളുടെ രീതിയാണ്. വിമർശനങ്ങളോട് തുറന്ന നിലപാടാണ് കോൺഗ്രസിന്. എല്ലാ വിധ മാന്യതയും നൽകി കൊണ്ടാണ് മാധ്യമങ്ങൾ വിമർശിക്കാറ്. പക്ഷേ ഇവൻ ഗതിപിടിക്കാത്തവനാണ് എന്നൊക്കെയുള്ള തരത്തിൽ അടച്ചാക്ഷേപിക്കുന്നത് മാധ്യമപ്രവർത്തനമായി കാണുന്നില്ല.
മറ്റൊന്ന് മുസ്‌ലിം സമുദായത്തെ കുറിച്ചുള്ള പരാമർശങ്ങൾ. മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്ന പ്രവണതകളാണ് മറുനാടന്. അത് ഒരു സംഘിയുടെ സംസാരമായാണ് തോന്നിയത്. മറ്റൊന്നുള്ളത് രാഹുൽ ഗാന്ധി പറ്റി പറഞ്ഞ വാക്കുകളാണ്. അദ്ദേഹം പോയാലേ പാർട്ടി രക്ഷപെടൂ എന്നൊക്കെയുള്ള പരാമർശങ്ങൾ അംഗീകരിക്കാനാവില്ല. കോൺഗ്രസുകാർ ജന്തുക്കളാണെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയൊരാളോട് കോൺഗ്രസുകാരനായ എനിക്ക് എങ്ങനെ അനുകൂലിക്കാൻ പറ്റും?
എന്നാലിപ്പോഴത്തെ സംഭവം ഷാജൻ സ്‌കറിയയ്ക്ക് കോടതി ജാമ്യം നിഷേധിച്ചത്. ശ്രീനിജൻ എം.എൽ.എയ്ക്ക് ഒരുപാട് തെറ്റുകളുണ്ട്. പക്ഷേ അതിൽ അദ്ദേഹത്തിന്റെ ജാതി എന്തു പിഴച്ചു? അദ്ദേഹം ജനിച്ച സമുദായത്തെ കുറ്റം പറഞ്ഞപ്പോഴാണ് കേസ് പോയത്. അതിനെതിരെ മുൻകൂർ ജാമ്യാപേക്ഷ നൽകിയപ്പോൾ അത് തള്ളി. അതേസമയം മോൺസൺ കേസിൽ സുധാകരനെതിരെ നടപടി വന്നപ്പോൾ അദ്ദേഹവും കോടതിയിൽ പോയി. പക്ഷേ അദ്ദേഹത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. പട്ടിക ജാതി, പട്ടിക വർഗത്തിൽ പെട്ട ഒരു എം.എൽ.എയെ ജാതി പറഞ്ഞാണ് മറുനാടൻ വിമർശിച്ചത്. അതിൽ മെറിറ്റ് ഉള്ളത് കൊണ്ട് ജാമ്യാപേക്ഷ കോടതി തള്ളി. അത് നിയമത്തിന്റെ വഴിക്ക് നടക്കട്ടേ". മുരളീധരൻ പറഞ്ഞു.