സിപിഎം സെമിനാറിലേക്ക് തരൂരിന് ക്ഷണം

കണ്ണൂരിൽ ഏപ്രിൽ ആറു മുതൽ പത്തു വരെ അഞ്ചു ദിവസമാണ് പാർട്ടി കോൺഗ്രസ്

Update: 2022-03-13 08:29 GMT
Editor : abs | By : Web Desk
Advertising

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ കോൺഗ്രസ് നേതാക്കളായ കെ വി തോമസിനും ശശി തരൂരിനും ക്ഷണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിൽ ഏപ്രിൽ ഒമ്പതിന് കണ്ണൂരിൽ നടക്കുന്ന സെമിനാറിലാണ് പിണറായി വിജയനും എം.കെ സ്റ്റാലിനുമൊപ്പം കെ വി തോമസ് പങ്കെടുക്കുക. ഏപ്രിൽ ഏഴിന് മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് തരൂർ പങ്കെടുക്കുന്നത്.

കണ്ണൂരിൽ ഏപ്രിൽ ആറു മുതൽ പത്തു വരെ അഞ്ചു ദിവസമാണ് പാർട്ടി കോൺഗ്രസ്. കണ്ണൂർ ആദ്യമായാണ് പാർട്ടി കോൺഗ്രസിന് വേദിയാകുന്നത്.

ഇത് അഞ്ചാം തവണയാണ് കേരളം പാർട്ടി കോൺഗ്രസിന് ആതിഥ്യം വഹിക്കുന്നത്. 1956ൽ നാലാം പാർട്ടി കോൺഗ്രസിന് പാലക്കാട് വേദിയായി. 1968 ഡിസംബറിൽ എട്ടാം പാർട്ടി കോൺഗ്രസ് കൊച്ചിയിലും 1988 ഡിസംബർ 27 മുതൽ 1989 ജനുവരി ഒന്നുവരെ 13-ാം കോൺഗ്രസ് തിരുവനന്തപുരത്തും ചേർന്നു. 2012 ഏപ്രിലിൽ 20-ാം പാർട്ടി കോൺഗ്രസിന് കോഴിക്കോട് ആതിഥ്യം വഹിച്ചു. നാലു വർഷം കൂടുമ്പോഴാണ് പാർട്ടി കോൺഗ്രസ് ചേരുന്നത്. 

ഈയിടെ, കെ റെയിൽ വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച് തരൂര്‍ നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. തിരുവനന്തപുരത്തെ ലുലു മാൾ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചതും വാർത്തയായിരുന്നു. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസ്സം നിൽക്കുന്ന കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുന്നു, ഇത് നല്ല കാര്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News