ഷെബിനയുടെ മരണം: ഭര്‍ത്താവിന്‍റെ അമ്മാവന്‍ ഹനീഫ അറസ്റ്റില്‍
ഹനീഫ ഉൾപ്പെടെയുള്ളവർ ഷെബിനയെ മർദിച്ചെന്ന് മകൾ മൊഴി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
കോഴിക്കോട്: ഓർക്കാട്ടേരിയിലെ യുവതിയുടെ മരണത്തിൽ ഭർത്താവിന്റെ അമ്മാവൻ അറസ്റ്റിലായി. ഓർക്കാട്ടേരി സ്വദേശി ഹനീഫയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി മരിച്ച യുവതിയുടെ മകൾ രംഗത്തെത്തിയിരുന്നു. പിതാവിന്റെ ബന്ധുക്കൾ മാതാവിനെ മർദിച്ചെന്നും മുറിയിൽ കയറി വാതിലടച്ചതോടെ പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കൾ ചെയ്തില്ലെന്നും പത്ത് വയസുകാരിയായ മകൾ പറഞ്ഞു. പിതാവിന്റെ അമ്മാവൻ ഹനീഫ ഉമ്മയെ അടിച്ചെന്നും അസഭ്യം പറഞ്ഞെന്നും മകൾ പറഞ്ഞു.
ഹനീഫ ഉൾപ്പെടെയുള്ളവർ ഷെബിനയെ മർദിച്ചെന്നാണ് മകൾ പൊലീസിന് നൽകിയ മൊഴി. ഷെബിന മുറിയിൽ കയറി വാതിലടച്ച ശേഷം അസ്വാഭാവിക ശബ്ദം കേട്ടെന്നും പരിശോധിക്കാൻ പിതാവിന്റെ ബന്ധുക്കളോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നും മകൾ പറഞ്ഞു. മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ഹനീഫയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മരണത്തിൽ ഷെബിനയുടെ ഭർത്താവ് ഹബീബിന്റെ മാതാപിതാക്കൾക്കും സഹോദരിക്കും പങ്കുണ്ടെന്നാണ് ഷെബിനയുടെ കുടുംബം ആരോപിക്കുന്നത്. കുടുംബ പ്രശ്‌നത്തെ തുടർന്ന് പുതിയ വീടുവച്ച് മാറാനുള്ള ശ്രമത്തിലായിരുന്നു ഹബീബും ഷെബിനയും. ഇനിനിടയിലാണ് കഴിഞ്ഞ തിങ്കളാഴ്ച ഷെബിനയെ ഹബീബിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, സംഭവത്തിൽ കൂടുതൽ പേരെ കസ്റ്റഡിയിൽ എടുത്തേക്കും.