വയനാട്ടില്‍ കോവിഡിനൊപ്പം ഷിഗല്ലയും കുരങ്ങുപനിയും
രോഗ വ്യാപനം കൂടിയതോടെ 45 കേന്ദ്രങ്ങളിലായി നടക്കുന്ന വാക്സിനേഷൻ ക്യാമ്പുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്
വയനാട്ടിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ നീണ്ടനിര. രോഗ വ്യാപനം കൂടിയതോടെ 45 കേന്ദ്രങ്ങളിലായി നടക്കുന്ന വാക്സിനേഷൻ ക്യാമ്പുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ജില്ലയില്‍ ഷിഗല്ലയും കുരങ്ങുപനിയും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്.
വയനാട് ജില്ലയില്‍ 45 വയസിനു മുകളിലുള്ളവർക്കായുള്ള ഏര്‍പ്പെടുത്തിയ വാക്സിനേഷന്‍ ക്യാമ്പുകളിലെല്ലാം താത്പര്യ പൂര്‍വ്വമാണ് ആളുകളെത്തുന്നത്. കുത്തിവെപ്പെടുക്കാൻ എത്തിയവർക്കെല്ലാം വാക്സിൻ നൽകുമെന്നും വരും ദിവസങ്ങളിൽ വാക്സിന്‍റെ അപര്യാപ്തത പരിഹരിക്കാൻ കഴിയുമെന്നും ജില്ല മെഡിക്കൽ ഓഫീസർ ഡോ.ആര്‍. രേണുക അറിയിച്ചു. ജില്ലയിൽ കോവിഡിനോടൊപ്പം ഷിഗല്ലയും കുരങ്ങു പനിയും വ്യാപകമാകുന്നതും ആരോഗ്യ വകുപ്പ് ജാഗ്രതയോടെയാണ് കാണുന്നത്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ശുദ്ധജലത്തിന്‍റെ ലഭ്യത ഉറപ്പ് വരുത്തുമെന്നും ഡി.എം.ഒ അറിയിച്ചു. കോവിഡ് പ്രതിരോധ കുത്തിവെപ്പിനൊപ്പം തന്നെ ഷിഗല്ല ബോധവത്കരണവും കുരങ്ങു പനി പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടി ഊര്‍ജ്ജിതമാക്കുകയാണ് ആരോഗ്യ വകുപ്പ്.