ബാറിലെ വെടിവെപ്പ്; പ്രതി ഉപയോഗിച്ചത് ലൈസൻസില്ലാത്ത തോക്ക്
കോമ്പാറ സ്വദേശി വിനീതിനെ ഇന്നലെ രാത്രിയാണ് എറണാകുളം നോർത്ത് പൊലീസ് അങ്കമാലിയിൽ നിന്ന് പിടികൂടിയത്.
കൊച്ചി: കൊച്ചിയിലെ ബാറിലുണ്ടായ വെടിവെപ്പിൽ പ്രതി ഉപയോഗിച്ചത് ലൈസൻസില്ലാത്ത തോക്ക്. ചോദ്യം ചെയ്യലിലാണ് മുഖ്യപ്രതി വിനീത് ഇക്കാര്യം സമ്മതിച്ചത്. തോക്ക് എവിടെ നിന്ന് ലഭിച്ചുവെന്നതിൽ അന്വേഷണം തുടരുകയാണ്. കോമ്പാറ സ്വദേശി വിനീതിനെ ഇന്നലെ രാത്രിയാണ് എറണാകുളം നോർത്ത് പൊലീസ് അങ്കമാലിയിൽ നിന്ന് പിടികൂടിയത്.
കതൃക്കടവിലെ ഇടശ്ശേരി ബാറിലാണ് കഴിഞ്ഞ ഫെബ്രുവരി 11ന് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. സുജിൻ ജോൺസൺ, അഖിൽനാഥ് എന്നിവർക്കാണ് വെടിയേറ്റത്. ബാർ മാനേജർക്കും ക്രൂരമായി മർദനമേറ്റു.
രാത്രി ബാറിലെത്തിയ സംഘം മാനേജറുമായി തർക്കമുണ്ടാക്കുകയായിരുന്നു. മാനേജറെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ജീവനക്കാർക്ക് വെടിയേറ്റത്. എയർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തത്. വെടിയുതിർത്ത ശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു.