സംവരണ അട്ടിമറിക്കെതിരായ ലേഖനം: ഡോ. കെഎസ് മാധവനെതിരായ കാലിക്കറ്റ് നടപടി ജാതിവിവേചനമെന്ന് സിൻഡിക്കേറ്റംഗം

നടപടി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് വൈസ് ചാൻസലർക്ക് കത്തെഴുതി

Update: 2021-05-09 14:40 GMT
Editor : Shaheer | By : Web Desk
Advertising

സംവരണ അട്ടിമറിയെക്കുറിച്ചുള്ള ലേഖനത്തിന് ഡോ. കെഎസ് മാധവന് കാരണം കാണിക്കൽ നോട്ടീസ് നൽകിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് വൈസ് ചാൻസലർക്ക് കത്ത് നൽകി. നോട്ടീസ് നൽകിയത് സർവകലാശാലയുടെ ജാതിവിവേചനത്തിന്റെ തെളിവാണെന്നും നടപടി ഉടൻ പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ഡോ. പികെ പോക്കറിനൊപ്പം ചേർന്ന് 'മാധ്യമം' പത്രത്തിൽ എഴുതിയ ലേഖനത്തിന്റെ പേരിൽ ഡോ. മാധവനെതിരെ മാത്രമാണ് സർവകലാശാല അച്ചടക്കനടപടി ആരംഭിച്ചത്. സർവകലാശാലയ്ക്ക് കീഴിലെ ബഷീർ ചെയർ മേധാവിയായ പോക്കറിനെതിരെ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഡോ. മാധവനോടുള്ള ഈ വിവേചനം അദ്ദേഹം പട്ടിക വിഭാഗത്തിൽപെട്ടവനായത് കൊണ്ടാണെന്നാണ് കരുതേണ്ടതെന്നും കത്തിൽ കുറ്റപ്പെടുത്തി.

സർവകലാശാലയെ അവമതിക്കുന്ന ഒന്നും ലേഖനത്തിലുണ്ടായിരുന്നില്ല. എന്നിട്ടും സർവകലാശാലയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിക്കുകയും പ്രസ്തുത കുറ്റം മുഴുവൻ ഡോ. മാധവന്റെ മാത്രം തലയിൽ ചാർത്തുകയും സഹ എഴുത്തുകാരനെ വെറുതെവിടുകയും ചെയ്ത് കഴിഞ്ഞ ദിവസം സർവകലാശാല പത്രക്കുറിപ്പിറക്കിയത് ജാതിവേട്ടയാണ്. ഇതുവഴി മാധവനെ മാനസികമായി പീഡിപ്പിക്കുകയാണ്.

കാരണം കാണിക്കലിന് കൃത്യസമയത്ത് മറുപടി നൽകിയിട്ടും പട്ടിക വിഭാഗം അധ്യാപകനെ ഇത്തരത്തിൽ മാധ്യമങ്ങളിൽ അപമാനിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും പട്ടിക വിഭാഗ സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ കുറ്റമാണ്. അതിനാൽ, സർവകലാശാലയ്ക്ക് കൂടുതൽ നാണക്കേട് വരുത്താതെ വൈസ് ചാൻസലറും രജിസ്ട്രാറും മാധവനെതിരായ നടപടി അവസാനിപ്പിക്കണമെന്ന് സിൻഡിക്കേറ്റംഗം ആവശ്യപ്പെട്ടു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News