അട്ടപ്പാടിയിൽ അരിവാൾ രോഗികൾ പ്രസവിക്കരുതെന്ന് നിർദേശം
അട്ടപ്പാടിയിലെ അരിവാൾ രോഗംഉള്ള ആദിവാസി സ്ത്രീകൾ പ്രസവിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം. അരിവാൾ രോഗികൾ പ്രസവിക്കുന്നത് അമ്മക്കും കുഞ്ഞിനും അപകടകരമാണ്. അട്ടപ്പാടിയിലെ 80 ശതമാനം ആദിവാസികളും വിളർച്ച രോഗികളാണ്.
അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ 200 ഓളം പേർക്ക് അരിവാൾ രോഗമുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. രണ്ടായിരത്തോളം പേർ ഏത് സമയവും രോഗം ബാധിക്കാവുന്ന അവസ്ഥയിലാണ്. അട്ടപ്പാടിയിലെ ആദിവാസികളിൽ 80 ശതമാനവും പോഷകാഹാരക്കുറവ് മൂലം അനീമിയ ബാധിതരാണെന്നും റിപ്പോർട്ട് പറയുന്നു. അനീമിയ ബാധിതരുടെ എണ്ണം വർധിക്കുന്നതാണ് ശിശുമരണങ്ങൾ ആവർത്തിക്കാൻ കാരണം.
അനീമിയ രോഗത്തിനെതിരെ വ്യാപക ബോധവത്കരണം ഉൾപ്പെടെ ബഹുതല പ്രവർത്തനം അനിവാര്യമാണ്. ഈ രോഗത്തിന് ലോകത്തെവിടെയും മരുന്ന് കണ്ടുപിടിക്കാത്തതിനാല്‍ ബോധവത്കരണത്തിലൂടെ മാത്രമെ പ്രതിരോധിക്കാന്‍ കഴിയൂവെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണം. പ്രശ്നത്തിന്റെ ഗൗരവം പരിഗണിച്ച് സംസ്ഥാന ആരോഗ്യവകുപ്പിലെ വിദഗ്ധർ അടുത്തദിവസം അട്ടപ്പാടിയിലെത്തും. അട്ടപ്പാടിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാൻ നോഡല്‍ ഓഫിസറെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ നിരീക്ഷിക്കാൻ മോണിറ്ററിങ് സമിതി രൂപവത്കരിക്കും.
Summary : Sickle patients are advised not to give birth in Attappadi