സിദ്ദീഖിൻ്റെ മകൻ്റെ സുഹൃത്തുക്കളെ മൊഴിയെടുത്ത് വിട്ടയച്ചു
കസ്റ്റഡിയിലെടുത്തത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാരോപിച്ച് കുടുംബം ഡിസിപിക്ക് പരാതി നൽകിയിരുന്നു
എറണാകുളം: നടൻ സിദ്ദീഖിന്റെ മകന്റെ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. എറണാകുളം സ്വദേശികളായ നദിർ, പോൾ എന്നിവരെയാണ് മൊഴി രേഖപ്പെടുത്തി വിട്ടയച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെ ഇരുവരെയും കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് കുടുംബം ഡിസിപിക്ക് പരാതി നൽകിയിരുന്നു. സിദ്ദീഖ് എവിയെന്ന് ചോദിച്ച് കസ്റ്റഡിയിലെടുത്ത ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്നാരോപിച്ചാണ് കുടുംബം പരാതി നൽകിയത്.
സിദ്ദീഖ് എവിടെയാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിൽ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി മകൻ ഷഹീൻ സിദ്ദിഖ് പറഞ്ഞു. 'ഇന്ന് പുലർച്ചെയാണ് ഇരുവരെയും രണ്ടിടങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. പ്രത്യേക അന്വേഷണസംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.' ഷഹീൻ കൂട്ടിച്ചേർത്തു.
ലൈംഗികപീഡനപരാതിയിൽ സിദ്ദീഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ട് ഏഴ് ദിവസം പിന്നിട്ടു. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് മുതൽ സിദ്ദീഖ് ഒളിവിലാണ്. സിദ്ദീഖിനായി ശക്തമായ അന്വേഷണം പൊലീസ് നടത്തിവരുകയാണ്.