സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠന റിപോർട്ട് വൈകും; കൂടുതൽ സമയം വേണമെന്ന് സർവേ ഏജൻസികൾ
കല്ലിടല്‍ സാധ്യമായാല്‍ മെയ് അവസാനത്തോടെ പൂര്‍ത്തിയാക്കാമെന്ന് കേരള വോളന്റററി ഹെല്‍ത്ത് സര്‍വീസസ്
സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം പൂർത്തിയാകുന്നത് വൈകും. പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമായതോടെ ഏഴ് ജില്ലകളിലെ സർവേക്ക് കൂടുതൽ സമയം തേടി ഏജൻസികൾ സർക്കാരിന് കത്ത് നൽകി. കേരള വൊളന്ററി ഹെൽത്ത് സർവീസസും രാജഗിരി സ്‌കൂൾ ഓഫ് സോഷ്യൽ സയൻസുമാണ് അധിക സമയം ചോദിച്ചത്.
തിരുവനന്തപുരം,കൊല്ലം, കണ്ണൂർ,കാസർഗോഡ് ജില്ലകളിലെ സമാഹിക ആഘാത പഠനം പൂർത്തിയാക്കേണ്ടിയിരുന്നത് ഏപ്രിൽ ആദ്യവാരമായിരുന്നു. പ്രതിഷേധം ശക്തമായതോടെ കല്ലിടൽ എങ്ങുമെത്തിയില്ല. സാമൂഹികാഘാത പഠനത്തിനുള്ള സർവേയോടും പലയിടത്തും നിസഹകരണമാണുള്ളത്. ഇതോടെയാണ് സർവേയ്ക്ക് കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് ഈ ജില്ലകളിലെ സർവേ ചുമതലയുണ്ടായിരുന്ന കേരള വോളന്റററി ഹെൽത്ത് സർവീസസ് സർക്കാരിന് കത്ത് നൽകിയത്. കല്ലിടൽ സാധ്യമായാൽ മെയ് അവസാനത്തോടെ സർവേ പൂർത്തിയാക്കാമെന്നും ഏജൻസി സർക്കാരിനെ അറിയിച്ചു.
സമാനമായ സാഹചര്യമാണ് എറണാകുളം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളുടെ സർവേ ചുമതലയുള്ള രാജഗിരി സ്‌കൂൾ ഓഫ് സോഷ്യൽ സയൻസും നേരിടുന്നത്. പത്തനംതിട്ടയിൽ സർവേ കല്ലുകൾ സ്ഥാപിക്കുന്നത് ഇത് വരെ തുടങ്ങിയിട്ടില്ല. മറ്റിടങ്ങളിൽ പ്രതിഷേധം തുടരുകയാണ്. അതിനാൽ കൂടുതൽ സമയം വേണമെന്ന് രാജഗിരി ,ജില്ലാ കലക്ടർമാർ മുഖേനെ റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടു. സമയം നീട്ടി നൽകി കൊണ്ടുള്ള ഉത്തരവ് താമസിയാതെ സർക്കാർ പുറത്തിറക്കുമെന്നാണ് വിവരം.