സിൽവർ ലൈൻ: നിലപാടിലുറച്ച് തരൂർ, തരൂരിനെതിരെ കൂടുതൽ എംപിമാർ
എം.കെ മുനീറിന്റെ നേതൃത്വത്തിൽ നടത്തിയ പഠന സമിതി റിപ്പോർട്ട് തരൂരിന് ലഭിക്കാത്തത് കൊണ്ടുള്ള തെറ്റിദ്ധാരണയാണെന്ന കെസി വേണുഗോപാലിന്റെ വാദം മറ്റു എംപിമാർ അംഗീകരിച്ചിട്ടില്ല.
കെ-റെയിലിനെതിരായ യുഡിഎഫ് നീക്കങ്ങളുടെ ഭാഗമാകാത്ത നിൽക്കുന്ന ശശിതരൂരിന്റെ നിലപാടിൽ എതിർപ്പുമായി കൂടുതൽ എംപിമാർ. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ സംസാരിച്ചിട്ടും ശശി തരൂർ നിലപാട് മാറ്റിയിട്ടില്ല. പദ്ധതിയിലെ ആശയക്കുഴപ്പം ഒഴിവാക്കാനായി യോഗം വിളിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് തരൂർ.
കെ -റെയിലിന്റെ കാര്യത്തിൽ 18 എംപിമാർ ഒരുഭാഗത്തും ശശിതരൂർ മറുഭാഗത്തും നിൽക്കുന്ന കാഴ്ചയാണ് ഡൽഹിയിൽ. എം.കെ മുനീറിന്റെ നേതൃത്വത്തിൽ നടത്തിയ പഠന സമിതി റിപ്പോർട്ട് തരൂരിന് ലഭിക്കാത്തത് കൊണ്ടുള്ള തെറ്റിദ്ധാരണയാണെന്ന കെസി വേണുഗോപാലിന്റെ വാദം മറ്റു എംപിമാർ അംഗീകരിച്ചിട്ടില്ല.
കെ-റെയിലിന്റെ ഡി.പി.ആർ പുറത്തുവിടാൻ മടികാണിക്കുന്ന സർക്കാർ വിശദമായ ചർച്ച വേണമെന്ന തരൂരിന്റെ നിലപാട് അംഗീകരിക്കുമോ എന്നാണ് ഇവരുടെ ചോദ്യം. സർക്കാർ മുൻകൈയെടുത്ത് വിളിച്ചില്ലെങ്കിൽ സ്വന്തം നിലയിൽ ചർച്ച സംഘടിപ്പിക്കാനാണ് തരൂരിന്റെ നീക്കം. ഇത്തരത്തിലുള്ള ഒറ്റയാൻ നീക്കവുമായി സഹകരിക്കേണ്ടെന്ന നിലപാടാണ് എംപിമാർ സ്വീകരിച്ചിരിക്കുന്നത്.
തരൂരിന്റെ മോശം കാലത്ത് കൂടെ നിന്നത് കോൺഗ്രസ് പാർട്ടിയാണെന്നു കെ മുരളീധരൻ ഓർമിപ്പിച്ചു. സംസ്ഥാന സർക്കാരിന് അനുകൂലമായ തരൂരിന്റെ നിലപാടിൽ കോൺഗ്രസ് -ദേശീയ സംസ്ഥാന നേതൃത്വങ്ങൾക്ക് എതിർപ്പുണ്ട്. മധ്യവർഗത്തിനിടയിൽ തരൂരിനുള്ള സ്വാധീനവും എംപി ആണെന്നതും പരിഗണിക്കുമ്പോൾ കടുത്ത നടപടിയിലേക്കു കടക്കാനും കഴിയുന്നില്ല. കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയാണ് കോൺഗ്രസ്. കെ റെയിലിനെതിരായ യുഡിഎഫ് പ്രതിഷേധം ഡൽഹിയിൽ തരൂരിൽ തട്ടി പാളം തെറ്റിയിരിക്കുകയാണ്.