ചെറുതോണി ഡാമിലെ സുരക്ഷ വീഴ്ചയിൽ ആറു പോലീസുകാരെ സസ്‌പെൻഡ് ചെയ്തു
ഒറ്റപ്പാലം സ്വദേശി ഡാമിൽ എത്തിയ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരെയാണ് നടപടി
ഇടുക്കി: ചെറുതോണി ഡാമിലെ സുരക്ഷ വീഴ്ചയിൽ ആറു പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. ഒറ്റപ്പാലം സ്വദേശി ഡാമിൽ എത്തിയ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരെയാണ് നടപടി. പരിശോധനയിൽ വീഴ്ച വരുത്തിയതിനാണ് സസ്‌പെൻഷൻ. കൂടുതൽ പേർക്കെതിരെ നടപടിയുണ്ടായേക്കുമെന്നും ഇടുക്കി എസ്.പി. വി.യു കുര്യാക്കോസ് പറഞ്ഞു.
ജൂലൈ 22നാണ് ഒറ്റപ്പാലം സ്വദേശി സുരക്ഷ മാനദണ്ഡങ്ങൾ മറികടന്ന് ഇടുക്കി ചെറുതോണി ഡാമിൽ കയറുകയും പലയിടങ്ങളിലായി തായിട്ട് പൂട്ടുകയും ചെയ്തത്. ചെറുതോണി ഡാമിന്റെ ഷട്ടറുകളുയർത്തുന്നിടത്തും ഇയാളെത്തിയിരുന്നു. ഇതോടെ ഡാം സേഫ്റ്റി ഉദ്യോഗസഥർ ഷട്ടറുകളുയർത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. ഈ സംഭവം നടന്ന് ഒന്നര മാസത്തിന് ശേഷം സെപ്റ്റംബർ നാലിനാണ് സംഭവം കെ.എസ്.ഇ.ബിയുടെ ശ്രദ്ധയിൽ പെടുന്നത്. ഇതിന് ശേഷമാണ് കെ.എസ്.ഇ.ബി പോലീസിൽ പരാതി നൽകുന്നത്.
ഡാം സുരക്ഷിതമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ അതീവ സുരക്ഷ സ്ഥലങ്ങലങ്ങളിലുൾപ്പെടെ ഇയാൾ എങ്ങനെയെത്തിയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി നേരത്തെ വിലയിരുത്തലുണ്ടായിരുന്നു. പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഇത്തരത്തിലുള്ള ഒരു റിപ്പോർട്ടും നൽകിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത്. പ്രതി ഇപ്പോൾ വിദേശത്താണ് ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ട്.