നിന്നെ ഇനി മുതൽ 'താങ്കൾ' എന്നു വിളിക്കാമെന്ന് ഗ്രോക്ക്; എ.ഐ ചാറ്റ് ബോട്ട്മായുള്ള രസകരമായ സംഭാഷണം പങ്കിട്ട് സോഷ്യൽ മീഡിയ ഉപയോക്താവ്
എല്ലാവരെയും 'നീ' എന്ന് വിളിക്കുന്ന ശീലം മാറ്റണമെന്ന് ഗ്രോക്കിനോട് ആവശ്യപ്പെടുന്ന സ്ക്രീൻ ഷോട്ടുകളാണ് ഇഖ്‌റ ആശുപത്രിയിലെ ഫിസിയോതെറാപ്പി മേധാവിയായ മുഹമ്മദ് നജീബ് ഫേസ്ബുക്കിൽ പങ്കുവെച്ചത്


കോഴിക്കോട്: എ.ഐ ചാറ്റ് ബോട്ടായ ഗ്രോക്കുമായുള്ള രസകരമായ സംഭാഷണം പങ്കിട്ട് സോഷ്യൽ മീഡിയ ഉപയോക്താവ്. എല്ലാവരെയും 'നീ' എന്ന് വിളിക്കുന്ന ശീലം മാറ്റണമെന്ന് ഗ്രോക്കിനോട് ആവശ്യപ്പെടുന്ന സ്ക്രീൻ ഷോട്ടുകളാണ് ഇഖ്‌റ ആശുപത്രിയിലെ ഫിസിയോതെറാപ്പി മേധാവിയായ മുഹമ്മദ് നജീബ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഉടനടി ഇനി അങ്ങനെ ചെയ്തോളാമെന്ന് സമ്മതിക്കുകയും ചെയ്യുന്നുണ്ട് ഗ്രോക്ക്.
എ.ഐ ചാറ്റ് ബോട്ടായ ഗ്രോക്കിനോട് എന്തേലും ചോദിച്ചാൽ 'നീ', 'നിനക്ക്' എന്നൊക്കെയാണ് തിരിച്ചുള്ള അഭിസംബോധനയെന്ന് മുഹമ്മദ് നജീബ് കുറിപ്പിൽ പറയുന്നുണ്ട്. ഇന്നലെ മിനിഞ്ഞാന്നുണ്ടായ ഇവൻ ഇത്രേം പ്രായമുള്ള നമ്മളെ അങ്ങനെ വിളിക്കുന്നത് ശരിയല്ലല്ലോ. അതുകൊണ്ടാണ് താങ്കൾ എന്ന് വിളിക്കണമെന്ന് ആവശ്യപ്പെട്ടത്. ഉടൻ, അനൗപചാരികത ഇല്ലാതെ സംസാരിച്ചത് കൊണ്ടാണ് നീ എന്ന് ഉപയോഗിച്ചതെന്നും ഇനി ഔപചാരികത കാത്ത് സൂക്ഷിച്ചോളാമെന്നും പറഞ്ഞ് ഗ്രോക്ക് ക്ഷമാപണം നടത്തി. കാര്യം പറഞ്ഞപ്പോൾ ആൾ തെറ്റ് അംഗീകരിച്ചു എന്നാണ് മുഹമ്മദ് നജീബ് കുറിപ്പിൽ പറയുന്നത്. ' നിന്നെ ഇനി മുതൽ 'താങ്കൾ' എന്നു വിളിക്കാമെന്നും അറിയിച്ചു.
അത് പോരാ, മലയാളികളെ മുഴുവൻ അങ്ങിനെ വിളിക്കണമെന്ന് മുഹമ്മദ് നജീബ് ആവശ്യപ്പെട്ടു. നിർദേശം മനസിലാക്കുന്നുവെന്നും, മലയാളികളെ മുഴുവൻ താങ്കൾ എന്ന് അഭിസംബോധന ചെയ്തോളാമെന്നും ഗ്രോക്ക് സമ്മതിക്കുകയും ചെയ്തു. ഗ്രോക്ക് വാക്ക് പാലിക്കുന്നുണ്ടോയെന്നറിയാൻ വായനക്കാർ സഹായിക്കണമെന്ന് പറഞ്ഞാണ് നജീബ് കുറിപ്പ് അവസാനിപ്പിക്കുന്നത്. വളരെ രസകരമായ കമന്റുകളാണ് ഉപഭോക്താക്കൾ പോസ്റ്റിന് താഴെ പങ്കുവെച്ചിരിക്കുന്നത്. പലരും ഗ്രോക്കിനെ പരീക്ഷിക്കുകയും, എ.ഐ ചാറ്റ് ബോട്ട് വാക്കുപാലിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുളള എക്സ് എഐ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ടാണ് ഗ്രോക്ക്. 2023 ല്‍ മസ്‌ക് പുറത്തിറക്കിയ ട്രൂത്ത് ജിപിടിയാണ് പിന്നീട് ഗ്രോക് എഐ ആയി മാറിയത്. ഉപയോക്താക്കൾക്ക് നൽകുന്ന രസകരമായ മറുപടികൾ കൊണ്ട് നേരത്തെ തന്നെ ഗ്രോക്ക് ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.