മെമ്പർഷിപ്പ് തർക്കം: സോണിയാ ഗാന്ധി കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകാൻ ഉത്തരവ്

ഡിസിസി പ്രസിഡന്റ് തനിക്കെതിരെ പുറപ്പെടുവിച്ച സസ്‌പെൻഷൻ ഉത്തരവ് അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കുണ്ടറയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ഫയൽ ചെയ്ത കേസിലാണ് നടപടി.

Update: 2022-07-22 06:54 GMT
Advertising

കൊല്ലം: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതി ഉത്തരവ്. ആഗസ്റ്റ് മൂന്നിന് സോണിയയും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദും ഹാജരാകണമെന്ന് ഉത്തരവിൽ പറയുന്നു.

ഡിസിസി പ്രസിഡന്റ് തനിക്കെതിരെ പുറപ്പെടുവിച്ച സസ്‌പെൻഷൻ ഉത്തരവ് അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കുണ്ടറയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ഫയൽ ചെയ്ത കേസിലാണ് നടപടി. കെപിസിസി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ കുണ്ടറ ബ്ലോക്കിൽനിന്ന് പ്രതിനിധിയെ നിശ്ചയിക്കുന്നത് തടയണമെന്ന പൃഥ്വിരാജിന്റെ ഉപഹരജിയിലാണ് കൊല്ലം മുൻസിഫിന്റെ ചുമതലയുള്ള പരവൂർ മുൻസിഫ് രാധിക എസ്. നായർ ഉത്തരവിട്ടത്.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ ഉന്നയിച്ച ആരോപണത്തെ തുടർന്ന് അന്നത്തെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് പൃഥ്വിരാജിനെ സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ ഉത്തരവ് ലഭിച്ചില്ലെന്ന്കാട്ടി നടപടികൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് പൃഥ്വിരാജ് നിവേദനം നൽകിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അഡ്വ. ബോറിസ് പോൾ മുഖേന സോണിയക്കും കെപിസിസി, ഡിസിസി പ്രസിഡന്റുമാർക്കും വക്കീൽ നോട്ടീസയച്ചു. അതിനും പ്രതികരണമുണ്ടാവാത്തതിനെ തുടർന്നാണ് കൊല്ലം മുൻസിഫ് കോടതിയെ സമീപിച്ചത്. കോൺഗ്രസിന്റെ നിയമാവലിയുടെ ലംഘനം നടന്നതായാണ് ഹരജിയിലെ ആരോപണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News