എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്: അന്വേഷണത്തിന് 17 അംഗ സംഘം, വിവരശേഖരണത്തിന് നോയ്ഡയിൽ
ഷാറൂഖ് സെയ്ഫിയുടെ വിശദ വിവരങ്ങൾ ശേഖരിക്കാനാണ് സംഘം ഡൽഹിയിലേക്ക് തിരിച്ചത്
ന്യൂഡൽഹി/കോഴിക്കോട്: എലത്തൂരിൽ ട്രെയിനിന് തീയിട്ട കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. റെയിൽവേ പൊലീസിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം. അതിനിടെ, സംഭവത്തിൽ കസ്റ്റഡിയിലുള്ള ഷാറൂഖ് സെയ്ഫിയുടെ സ്വദേശമായ നോയ്ഡയിൽ അന്വേഷണസംഘം എത്തിയിട്ടുണ്ട്.
കേസ് റെയിൽവേ സൂപ്രണ്ട് കെ.എൽ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക. 17 അംഗ പ്രത്യേക സംഘമാണ് രൂപീകരിച്ചിരിക്കുന്നത്. അതിനിടെ, ആർ.പി.എഫ് ഐ.ജി ടി.എം ഈശ്വര റാവു കണ്ണൂരിലെത്തും. ഇതിനുശേഷം തീയിട്ട ബോഗി പരിശോധിക്കാൻ കോഴിക്കോട്ടും എത്തും.
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഷാറൂഖ് സെയ്ഫിയുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണസംഘം നോയ്ഡയിലെത്തിയത്. ഇയാളുടെ നാട്ടിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമായിരിക്കും സംഘം മടങ്ങുക. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് കസ്റ്റഡിയിലുണ്ടെന്ന മീഡിയവൺ വാർത്ത ഡി.ജി.പി അനിൽ കാന്ത് നിഷേധിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു ഡി.ജി.പി മീഡിയവണിനോട് പ്രതികരിച്ചത്.
കസ്റ്റഡിയിലുള്ള ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണ പുരോഗതി വിലയിരുത്താൻ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.
Summary: A special team has been formed to investigate the train fire case in Elathur, Kozhikode. The investigation team has reached Noida, the hometown of Shahrukh Saifi, who is in custody in the incident