ബ്ലാക് ഫംഗസ്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് ബാധിതര്‍ ഉള്ള സാഹചര്യത്തിലാണ് മോണിറ്ററിങ് ടീമിനെ നിയോഗിച്ചത്
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫംഗസ് മോണിറ്റര്‍ ചെയ്യാന്‍ ഏഴംഗ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. സൂപ്രണ്ട് കണ്‍വീനറായ ടീം എല്ലാ ദിവസവും സ്ഥിതിഗതികള്‍ വിലയിരുത്തും. രോഗികളുടെ എണ്ണം കൂടിയാല്‍ പ്രത്യേക വാര്‍ഡ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഏർപ്പെടുത്താനാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് ബാധിതര്‍ ഉള്ള സാഹചര്യത്തിലാണ് മോണിറ്ററിങ് ടീമിനെ നിയോഗിച്ചത്. ഇ.എന്‍.ടി, ജനറല്‍ മെഡിസിന്‍, നേത്രവിഭാഗം, മൈക്രോ ബയോളജി ഉള്‍പ്പെടെയുള്ള വകുപ്പുകളെ ഉള്‍പ്പെടുത്തിയാണ് ടീം രൂപീകരിച്ചത്. രോഗികളിലെ ഫംഗസ് ബാധതയുടെ തോത്, മരുന്ന് ലഭ്യത, ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് മോണിറ്ററിങ് ടീം പരിശോധിക്കുക. എല്ലാ ദിവസവും വൈകീട്ട് യോഗം ചേര്‍ന്ന് വിവരങ്ങള്‍ ജില്ലാഭരണകൂടത്തിന് കൈമാറണം.
മൂന്ന് പേര്‍ക്ക് ഫംഗസ് ബാധയുള്ള ഭാഗം നീക്കം ചെയ്യാനുള്ള സര്‍ജറി ഇന്ന് നടക്കും. ഓരോ ദിവസവും രോഗികള്‍ക്ക് നല്‍കുന്ന 'ലിംപോ സോമല്‍ ആംപോടെറിസിന്‍' ഇഞ്ചക്ഷന്‍റെ സ്റ്റോക്കിനെ കുറിച്ച് ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്‍കണം.