'ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തുന്നത് പ്രത്യേക മാനസികാവസ്ഥക്കാർ'; മുഖ്യമന്ത്രി
'ജീവനോടെ ഇനിയാരെയും രക്ഷിക്കാൻ ബാക്കിയില്ല. രക്ഷിച്ചെടുക്കാൻ കഴിയുന്നവരെ രക്ഷിച്ചു എന്നാണ് പട്ടാള മേധാവി പറഞ്ഞത്'
വയനാട്: ദുരിതാശ്വാസ ക്യാമ്പിനകത്ത് സ്വകാര്യ സന്ദർശനം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ ക്യാമ്പിലേക്ക് ക്യാമറയുമായി കയറരുത്. ഓരോ കുടുംബത്തിനും സ്വകാര്യത സൂക്ഷിക്കാൻ കഴിയുന്ന രീതിയിലാകും ക്യാമ്പെന്നും നേരിട്ട് ക്യാമ്പിലേക്ക് സഹായം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.വയനാട്ടിലെ സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'ഇപ്പോള്‍ കൂടുതൽ ശ്രദ്ധിച്ചത് ഒറ്റപ്പെട്ടവരെ രക്ഷിച്ചെടുക്കാനായിരുന്നു. ഏറ്റവും മികവാർന്ന പ്രവർത്തനം പട്ടാളത്തിൻ്റേതാണ്. ജീവനോടെ ഇനിയാരെയും രക്ഷിക്കാൻ ബാക്കിയില്ല. രക്ഷിച്ചെടുക്കാൻ കഴിയുന്നവരെ രക്ഷിച്ചു എന്നാണ് പട്ടാള മേധാവി പറഞ്ഞത്. ആവശ്യത്തിനുള്ള മെഷനറികള്‍ അവിടെ എത്തിക്കാൻ കഴിഞ്ഞില്ല എന്നതാണ് പ്രതിസന്ധി.പാലം നിർമിക്കുന്നതോടെ അത് സാധ്യമാകും'. മുഖ്യമന്ത്രി പറഞ്ഞു.
മുണ്ടക്കൈയിൽ നടന്നത് ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രസർക്കാർ എല്ലാ കാര്യങ്ങളും മനസിലാക്കുന്നുണ്ട്. പ്രത്യേകമായി അറിയിക്കേണ്ട കാര്യമില്ല.തടസ്സം നിൽക്കുന്നവർ അത് വിശദീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുണ്ടക്കൈയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾ എവിടെയാണോ ഉള്ളത് അവിടെ വെച്ച് വിദ്യാഭ്യാസം നൽകും.പെട്ടെന്ന് സ്കൂളിലേക്ക് പോകുന്നത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പ്രത്യേക മാനസികാവസ്ഥക്കാരാണ് ദുരിതാശ്വാസനിധിക്കെതിരെ പ്രചരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.