അട്ടപ്പാടിക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കണം- രമേശ് ചെന്നിത്തല
കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നും ഡോക്ടർ പ്രഭുദാസിനെ മാറ്റിയ നടപടി ശരിയല്ല
ശിശുമരണങ്ങൾ തുടരുന്ന അട്ടപ്പാടിക്കായി സർക്കാർ പ്രത്യേക പാക്കേജ് തയ്യറാക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അട്ടപ്പാടിയിലെ ജനങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമർത്ഥനായ ഐ.എ. എസ് ഓഫീസറുടെ നേതൃത്വത്തിൽ വേണം അട്ടപടി പാക്കേജ് നടപ്പിലാക്കേണ്ടത്. ആദിവാസി മേഖലകൾക്കായി നിരവധി കേന്ദ്രഫണ്ടുകളുണ്ട്. അതും കൂടി വാങ്ങി്‌ച്ചെടുക്കാൻ സർക്കാർ ശ്രമിക്കണം. ഫണ്ടുകൾ ഇടനിലക്കാർ കൊണ്ടുപോകുന്നു എന്ന ആരോപണം വ്യാപകമാണ്. അതുകൊണ്ട് സത്യസന്ധനായ ഉദ്യോഗസ്ഥനെയായിരിക്കണം ഇതിന് നിയമിക്കേണ്ടത്.
കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നും ഡോ. പ്രഭുദാസിനെ മാറ്റിയ നടപടി ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എനിക്കയാളെ നേരിട്ട് അറിയില്ല. പക്ഷേ ഇവിടുത്തെ ജനങ്ങൾക്ക് സ്വീകാര്യനായ വ്യക്തിയായിരുന്നു അദ്ദേഹം. അയാൾക്ക് ഇവിടുത്തെ കാര്യങ്ങൾ അറിയാവുന്ന ആളാണ്. അട്ടപ്പാടി ആലപ്പുഴ ജില്ലയുടെ വലിപ്പമുള്ള സ്ഥലമാണ്.ആരോഗ്യരംഗത്തോ വിദ്യാഭ്യാസ രംഗത്തോ പുരോഗതിയില്ല.2016 ൽ ഇവിടേക്കുള്ള ചുരം റോഡിന് കിഫ്ബിയിൽ നിന്ന് പണം അനുവദിച്ചതാണ. പക്ഷേ ഇതുവരെ റോഡ് യാഥാർഥ്യമായിട്ടില്ല.ഈ റോഡ് നന്നാക്കിയാൽ മാത്രമേ ഇവിടുത്തെ ജനങ്ങൾക്ക് പുരോഗതിയുണ്ടാകൂ.അരിവാൾ രോഗികൾക്ക് ആവശ്യത്തിന് ചികിത്സ ലഭ്യമാക്കണമെന്നും ജനങ്ങൾക്ക് കൃഷി ചെയ്ത്ജീവിക്കാനും വരുമാനമുണ്ടാക്കാനുമുള്ള സാഹചര്യം ഒരുക്കികൊടുക്കണം. കൂടാതെ ഇവിടുത്തെ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.