കുർബാനാ പരിഷ്‌ക്കരണത്തെച്ചൊല്ലി സിറോ മലബാർ സഭയിൽ തർക്കം
സിറോ മലബാർ സഭയിലെ ആരാധനാക്രമങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ മാസം പുതുക്കിയ കുർബാന ക്രമത്തിന് അംഗീകാരം നൽകിയത്
സിറോ മലബാർ സഭയിൽ കുർബാനയിലെ മാറ്റങ്ങളെച്ചൊല്ലി തർക്കം. പൂർണമായും ജനാഭിമുഖമാകുന്നതിനു പകരം ജനാഭിമുഖമായും അൾത്താരയ്ക്ക് അഭിമുഖമായും കുർബാന ഏകീകരിക്കാനുള്ള നീക്കത്തിനെതിരെ വൈദികരടക്കം രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടുപോകാനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം.
സിറോ മലബാർ സഭയിലെ ആരാധനാക്രമങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ മാസം പുതുക്കിയ കുർബാന ക്രമത്തിന് അംഗീകാരം നൽകിയത്. അൾത്താരയ്ക്ക് അഭിമുഖമായ കുർബാന എല്ലാ രൂപതകളും നടപ്പാക്കണമെന്നാണ് വത്തിക്കാൻ നിർദേശം. നിലവിൽ വിവിധ സഭകളിൽ വ്യത്യസ്തരീതികളിലാണ് കുർബാന നടന്നുവരുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിൽ പൂർണമായും ജനങ്ങൾക്ക് അഭിമുഖമായാണ് കുർബാന നടന്നുവരുന്നത്. ഇതിനു പുറമെ തൃശൂർ, ഇരിങ്ങാലക്കുട, പാലക്കാട്, താമരശ്ശേരി, മാനന്തവാടി രൂപതകളിലെല്ലാം അരനൂറ്റാണ്ടിലേറെക്കാലമായി ജനാഭിമുഖ കുർബാനയാണ് നടക്കുന്നത്. എന്നാൽ, പുനക്രമീകരിച്ച കുർബാനാരീതി അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം സഭാ വൈദികരുമുള്ളത്.
നിലവിലെ രീതിയിൽ തന്നെയായിരിക്കും ഇനിയും കുർബാന നടക്കുകയെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഫാദർ സുരേഷ് മൽപ്പാൻ പ്രതികരിച്ചത്. അത് അറിയിക്കേണ്ടവരെ എല്ലാവരെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൂർണ ജനാഭിമുഖ കുർബാന നിർത്തലാക്കുന്ന ഗൗരവമേറിയ തീരുമാനം ഓൺലൈൻ മീറ്റിങ്ങിലൂടെ നടപ്പാക്കരുതെന്ന് സിറിയൻ കാതോലിക് ലിറ്റർജിക്കൽ ഫോറം ജനറൽ സെക്രട്ടറി ഫാ. ജോൺ അയ്യൻകാനായിൽ പ്രതികരിച്ചു. കോവിഡ് കാരണം പള്ളികളിൽ കുർബാന പോലും നടക്കാത്ത സാഹചര്യത്തിൽ ഇത്തരം ഗൗരവമേറിയ തീരുമാനം മെത്രാന്മാർ നേരിട്ട് സന്നിഹിതരാകുന്ന സിനഡിൽ വിപുലമായി ചർച്ച ചെയ്ത ശേഷം മാത്രം കൈക്കൊള്ളുന്നതാണ് വിവേകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മാസമാണ് സിറോ മലബാർ സഭയുടെ പരിഷ്‌കരിച്ച ഏകീകൃത കുർബാന ക്രമത്തിനു ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകിയത്. പുതിയ കുർബാനപ്പുസ്തകത്തിനും അംഗീകാരമായിട്ടുണ്ട്. പതിറ്റാണ്ടുകളായി സഭയിൽ വിവിധ പ്രദേശങ്ങളിലുള്ളവർ തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം തീർക്കുക ലക്ഷ്യമിട്ടായിരുന്നു ഇത്.
പുതിയ കുർബാനക്രമം എല്ലാ സിറോ മലബാർ രൂപതകളും നടപ്പാക്കണമെന്ന് വത്തിക്കാൻ നിർദേശിച്ചിട്ടുണ്ട്. പുതിയ ക്രമത്തിൽ കുർബാനയ്ക്കു മുൻപത്തേതിനെക്കാൾ ദൈർഘ്യം കുറവായിരിക്കും. ആദ്യഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും ആയിരിക്കും.