വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; ധനസമാഹരണം ആരംഭിച്ച് പഞ്ചായത്ത്
സർക്കാർ സഹായം അനുവദിക്കാത്ത സാഹചര്യത്തിലാണ് ധനസമാഹരണം നടത്തുന്നത്
എറണാകുളം: മഞ്ഞപ്പിത്തം പടരുന്ന എറണാകുളം വേങ്ങൂരിൽ ധനസമാഹരണം ആരംഭിച്ച് പഞ്ചായത്ത് അധികൃതർ. സർക്കാർ സഹായം അനുവദിക്കാത്ത സാഹചര്യത്തിലാണ് ഐ.സി.യുവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതർക്ക് അടക്കം സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് ധനസമാഹരണം നടത്തുന്നത്.
വേങ്ങൂർ പഞ്ചായത്തിലെ 221 പേർക്കാണ് ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുള്ളത്. ഗുരുതരമായ സാഹചര്യം നിലനിൽക്കുമ്പോഴാണ് പഞ്ചായത്ത് സർക്കാർ സഹായം തേടിയത്. എന്നാൽ ധനസഹായത്തിന്റെ കാര്യത്തിൽ സർക്കാരിന്റെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇതോടെയാണ് പഞ്ചായത്ത് അധികൃതർ വീടുകളിലും കടകളിലും കയറി ധനസമാഹരണം നടത്തുന്നത്. ഐ.സി.യുവിൽ ചികിത്സയിൽ കഴിയുന്നവർക്ക് അടക്കം ധനസഹായം എത്തിക്കുകയാണ് ലക്ഷ്യം.
കൂടുതൽ രോഗബാധിതരെ കണ്ടെത്തുന്നതിനുള്ള പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ മഞ്ഞപ്പിത്ത വ്യാപനം നടക്കുന്ന മറ്റൊരു പ്രദേശമായ കളമശ്ശേരിയിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണ്. അതിനിടെ സംഭവത്തിൽ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച മജിസ്റ്റീരിയൽ അന്വേഷണം തുടരുകയാണ്.