'എന്നാലും എന്റെ വിദ്യേ': വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പി.കെ ശ്രീമതി
'എന്നാലും എന്റെ വിദ്യേ, നീ ഇത്തരത്തിലുള്ള കുടുക്കിൽ പെട്ടല്ലോ എന്നാണ് ഉദ്ദേശിച്ചത്. വ്യാജ രേഖ ആര് ഉണ്ടാക്കിയാലും തെറ്റ്'
കണ്ണൂര്‍: വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി കെ.വിദ്യയെ പരാമർശിച്ച് ഫെയ്സ് ബുക്കിൽ കുറിച്ച 'എന്നാലും എന്റെ വിദ്യേ ' എന്ന പ്രതികരണതിൽ ഉറച്ചു നിൽക്കുന്നുവെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. എന്നാലും എന്റെ വിദ്യേ നീ ഇത്തരത്തിലുള്ള കുടുക്കിൽ പെട്ടല്ലോ എന്നാണ് ഉദ്ദേശിച്ചത്. വ്യാജ രേഖ ആര് ഉണ്ടാക്കിയാലും തെറ്റാണെന്നും പികെ ശ്രീമതി പറഞ്ഞു.
അതേസമയം എസ്.എഫ്.ഐ മുൻ നേതാവ് കെ വിദ്യ മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ പോലീസ് ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. കെ.വിദ്യ ഒളിവിലാണെന്നാണ് വിവരം.
വ്യാജ രേഖയുണ്ടാക്കി അധ്യാപക നിയമനത്തിന് ശ്രമിച്ച കെ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഏഴുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് കാസർഗോഡ് തൃക്കരിപ്പൂർ മണിയനോടി സ്വദേശിനിക്കെതിരെ ചുമത്തിയിട്ടുള്ളത്. വ്യാജരേഖ ചമച്ചതിന് മൂന്ന് കുറ്റങ്ങൾ ഇവർക്കെതിരേ ചുമത്തിയിട്ടുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ അന്വേഷണം അഗളി പൊലീസിന് കൈമാറാനാണ് തീരുമാനം.
Watch Video Report