സംസ്ഥാന സർക്കാരിന്റെ അനാസ്ഥ; കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 750 കോടി നഷ്ടമായി
കോളജ് അധ്യാപകര്‍ക്ക് നല്‍കേണ്ട പണത്തിലെ കേന്ദ്രവിഹിതമാണ് പ്രപ്പോസല്‍ നല്‍കാത്തതിനെ തുടര്‍ന്ന് നഷ്ടമായത്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലം കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട 750 കോടി രൂപ നഷ്ടമായി. കോളജ് അധ്യാപകര്‍ക്ക് നല്‍കേണ്ട പണത്തിലെ കേന്ദ്രവിഹിതമാണ് പ്രപ്പോസല്‍ നല്‍കാത്തതിനെ തുടര്‍ന്ന് നഷ്ടമായത്. പലതവണ ആവശ്യപ്പെട്ടിട്ടും പ്രപ്പോസല്‍ നല്‍കാതിരുന്ന കേരളം പിന്നീട് സമര്‍പ്പിച്ചപ്പോള്‍ സമയപരിധി അവസാനിച്ചു എന്ന് കാട്ടി കേന്ദ്രം തള്ളി.
ഏഴാം ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല എന്ന പരാതി കോളേജ് അധ്യാപകർ ഏറെ നാളുകളായി ഉയർത്തുന്നതാണ്. കേന്ദ്രവിഹിതം ലഭിക്കാത്തതിനാൽ ക്ഷാമബത്ത അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാൻ സാധിക്കുന്നില്ല എന്നായിരുന്നു സർക്കാരിന്റെ മറുപടി. എന്നാല്‍ സംസ്ഥാനത്തിന്റെ കടുത്ത അനാസ്ഥ മൂലം കേന്ദ്രവിഹിതം നഷ്ടപ്പെട്ടു എന്നാണ് രേഖകള്‍ തെളിയിക്കുന്നത്.
750 കോടി രൂപ ലഭിക്കാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31നകം പ്രപ്പോസല്‍ നല്‍കണമായിരുന്നു. രണ്ടുതവണ കേന്ദ്രം തന്നെ ഇക്കാര്യം സംസ്ഥാനത്തെ ഓര്‍മ്മപ്പെടുത്തിയെന്ന് വിവരാവകാശ രേഖകളില്‍ വ്യക്തം. കാലാവധി കഴിഞ്ഞ് ഏപ്രില്‍ 31ന് സംസ്ഥാനം പ്രപ്പോസലുമായി കേന്ദ്രത്തെ സമീപിച്ചു. ജൂണ്‍ 13ന് ഒന്നുകൂടി കത്തെഴുതി നോക്കിയെങ്കിലും സമയപരിധി കഴിഞ്ഞെന്ന് പറഞ്ഞ് കേന്ദ്രം കൈകഴുകി.
ഇതിനിടയില്‍ നിയമസഭയില്‍ വിഷയം വന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തെറ്റായ മറുപടി നല്‍കി എന്നും ആക്ഷേപമുണ്ട്. ക്ഷാമബത്തയും പിഎച്ച്ഡി -എം.ഫിൽ ഇൻക്രിമെന്റുകളും സമയബന്ധിതമായി അനുവദിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് കോളേജ് അധ്യാപകരുടെ നീക്കം.
Watch Video Report