മുണ്ടക്കൈ ദുരന്ത മേഖലയ്ക്കരികെ ക്വാറിക്ക് അനുമതി നൽകാൻ നീക്കം; തടസമില്ലെന്ന് അറിയിച്ച് ചീഫ് സെക്രട്ടറി

അതീവ പരിസ്ഥിതിലോല പ്രദേശമായ വാളത്തൂരിലെ ക്വാറിയിൽനിന്ന് 20 കിലോമീറ്റർ ചുറ്റളവിലാണ് നൂറുകണക്കിന് പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയും പുത്തുമലയും

Update: 2024-08-13 07:57 GMT
Editor : Shaheer | By : Web Desk
Advertising

കല്‍പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത മേഖലയ്ക്കരികെ ക്വാറിക്ക് അനുമതി നൽകാൻ നീക്കം. ക്വാറി നിര്‍മാണത്തിനു തടസമില്ലെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റി ലൈസൻസ് നിഷേധിച്ചതിനു പിന്നാലെയാണ് ക്വാറിയുടമകൾക്ക് അനുകൂലമായി ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം.

പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാകുമ്പോഴും വയനാട്ടിൽ പുതിയ ക്വാറി തുറക്കാനുള്ള നീക്കം തകൃതിയാണ്. ഉരുൾപൊട്ടലുണ്ടായ ചൂരൽമലക്കും പുത്തുമലക്കും അടുത്ത് ക്വാറി തുറക്കാനാണ് നീക്കം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി അനുമതി നിഷേധിച്ച വാളത്തൂരിലെ ക്വാറിക്ക് അനുകൂലമായി ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ്.

അതീവ പരിസ്ഥിതിലോല പ്രദേശമായ വാളത്തൂരിലെ ഈ ക്വാറിയിൽനിന്ന് 20 കിലോമീറ്റർ ചുറ്റളവിലാണ് നൂറുകണക്കിന് പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയും പുത്തുമലയും. വ്യോമദൂരം പരിഗണിച്ചാൽ ദൂരം പിന്നെയും കുറയും. നോക്കിയാൽ കാണാവുന്ന രണ്ടിടത്തേക്കും രണ്ട് കിലോമീറ്ററിൽ താഴെ മാത്രമാണ് വ്യോമദൂരം. മുന്നൂറോളം വീടുകളും രണ്ട് അങ്കന്‍വാടികളും മദ്രസയും ഒരു ആദിവാസി കോളനിയും ഇവിടെയുണ്. പുത്തുമലയ്ക്കു പിന്നാലെ മുണ്ടക്കൈയിലും ഉരുൾപൊട്ടിയതോടെ കടുത്ത ഭീതിയിലാണ് ഇവിടത്തുകാര്‍ കഴിയുന്നത്.

കൃത്യമായ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം മാർച്ചിൽ കലക്ടർ അധ്യക്ഷയായ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ക്വാറി പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും പഞ്ചായത്ത് നൽകിയ ലൈസൻസ് റദ്ദാക്കാനും നിര്‍ദേശിച്ചിരുന്നു. ക്വാറി പ്രവർത്തിക്കുന്ന സ്ഥലം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ള ദുരന്തസാധ്യതാ മേഖലയിലാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി(എസ്.ഡി.എം.എ) പ്രഖ്യാപിച്ച ഹൈ ഹസാർഡ് സോണിന്റെ 310 മീറ്റർ പരിധിയിൽ ആണെന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ, ഇതിനെതിരെ ഹൈക്കോടതിയിൽ പോയ ക്വാറി ഉടമകൾക്ക് അനുകൂലമായി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു സംസ്ഥാന സർക്കാർ.

കഴിഞ്ഞ ജൂൺ പത്തിന് ഹൈക്കോടതിയിൽ ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ ക്വാറി പ്രവർത്തിക്കുന്നതിന് തടസമില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് മുകളിൽ അധികാരമുള്ള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ക്വാറി പ്രവർത്തിപ്പിക്കാമെന്ന നിലപാടിലാണെന്നും ചൂണ്ടിക്കാട്ടി.

ചീഫ് സെക്രട്ടറി ഇങ്ങനെയൊരു സത്യവാങ്മൂലം സമർപ്പിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. ഓരോ ജില്ലയിലെയും അതത് പ്രദേശങ്ങളിലെ ഭൂപ്രകൃതിയും സാഹചര്യങ്ങളും പഠിച്ചുകൊണ്ടാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ ഉത്തരവിറക്കുന്നത്. സര്‍ക്കാര്‍ സത്യവാങ്മൂലത്തോടെ ഇതിന് നിയമപ്രാബല്യമില്ലെന്ന നിലവരും.

Full View

Summary: A move is underway to grant permission for quarry near the Mundakkai landslide disaster area as the Chief Secretary informed the High Court that there is no objection to the construction

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News