വീണയും ചിറ്റയം ഗോപകുമാറും തമ്മിലുള്ള തർക്കം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വങ്ങൾ: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി
ഡെപ്യൂട്ടി സ്പീക്കർ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുന്നു എന്നാരോപിച്ച് വീണ ജോർജ് എൽ.ഡി.എഫ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു
പത്തനംതിട്ട: മന്ത്രി വീണജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള തർക്കം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വങ്ങളാണെന്ന് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയൻ. ചിറ്റയത്തിനെതിരായ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ പ്രതികരണം നിർഭാഗ്യകരമാണ്. സി.പി.എം ജില്ലാ സെക്രട്ടറി ഈ വിഷയത്തിൽ പ്രതികരണം നടത്തേണ്ടിയിരുന്നില്ലെന്നും എ.പി ജയൻ വ്യക്തമാക്കി.
പത്തനംതിട്ടയിൽ സർക്കാരിന്റെ പൊതുപരിപാടികളിൽ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചതല്ലാതെ യാതൊരു വിധത്തിലുള്ള ഒരു അറിയിപ്പും ഇത് സംബന്ധിച്ച് നൽകിയില്ലെന്നും എം.എൽ.എമാരോട് കൂടിയാലോചന നടത്തുന്നില്ലെന്നുമായിരുന്നു ചിറ്റയം ഗോപകുമാറിൻറെ ആരോപണം. ഇതിനുപിന്നാലെ ഡെപ്യൂട്ടി സ്പീക്കർ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുന്നു എന്നാരോപിച്ച് വീണ ജോർജ് എൽ.ഡി.എഫ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. തൊട്ടു പിന്നാലെ മന്ത്രിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറിക്കും എൽ.ഡി.എഫ് കൺവീനർക്കും ചിറ്റയം ഗോപകുമാർ പരാതി നൽകി.
പത്തനംതിട്ട ജില്ലയിൽ നിലനിൽക്കുന്ന സി.പി.ഐ- സി.പി.എം അഭിപ്രായ ഭിന്നതകൾക്കിടെ മറനീക്കിയാണ് ഇത്തരത്തിൽ ഡെപ്യൂട്ടി സ്പീക്കറുടെ ഭാഗത്തുനിന്നും മന്ത്രിക്കെതിരായ ഗുരുതരമായ പരാമർശങ്ങൾ ഉണ്ടായത്. ഏകപക്ഷീയമായി മന്ത്രി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന ഗുരുതര ആരോപണങ്ങളും മന്ത്രിക്കെതിരെ ഡെപ്യൂട്ടി സ്പീക്കർ പരസ്യമായി ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ സി.പി.ഐക്കും എതിർപ്പുകൾ ഉണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഡെപ്യൂട്ടി സ്പീക്കറുടെ പരസ്യവിമർശനം വരുന്നത്.
ജില്ലയിലെ പാർട്ടിയിലെയും അണികളുടെയും വികാരത്തെ മനസ്സിലാക്കുന്നില്ലെന്നും ആശയ ഭിന്നത ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്നും മന്ത്രിക്കെതിരെ ചിറ്റയം ഗോപകുമാർ ഉന്നയിച്ചിരുന്നു. എന്നാൽ, അടൂർ ആശുപത്രിയിലെ ലൈംഗിക അതിക്രമ പരാതിയിൽ താനെടുത്ത നടപടിയെ ചൊല്ലി വ്യക്തിവിരോധം തീർക്കുകയാണ് ചിറ്റയം ഗോപകുമാറെന്നാണ് ആരോഗ്യമന്ത്രിയുടെ പരാതിയിൽ പറയുന്നത്. അതേസമയം, വീണ ജോർജിനെ പിന്തുണച്ചുകൊണ്ട് ജില്ലയിലെ സി.പി.എം നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ മന്ത്രി വീണ ജോർജ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.