'വൈവിധ്യങ്ങളെ അംഗീകരിക്കാൻ പിശുക്ക് വേണോ'? കട്ടൗട്ട് വിവാദത്തിൽ ഐഎസ്എം
'എന്തിനെയും എല്ലാത്തിനെയും മതവുമായി കൂടിക്കെട്ടി വിവാദങ്ങൾ ഉണ്ടാക്കാനുള്ള ചിലരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കണം'
ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾ തലപൊക്കിയിരിക്കുകയാണെന്ന് ഐഎസ്എം കേരള വൈസ് പ്രസിഡന്റ് നിസാർ ഒളവണ്ണ. ഫുട്ബാൾ മാമാങ്കത്തിന്റ പശ്ചാത്തലത്തിൽ ലോകത്തുടനീളം ഉയർന്നുപൊങ്ങിയ പ്രചാരണ ബോർഡുകളും ഫാൻസ് അസോസിയേഷനുകൾ ഉയർത്തിയ കട്ടഔട്ടുകളുമാണ് വിവാദത്തിന് ആധാരം. അതിരുകവിഞ്ഞുള്ള ഒന്നും നല്ലതല്ല. ആരാധനാ കാര്യത്തിലും ഇത് ബാധകമാണ്. ഇക്കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ലെന്ന് നിസാർ ഒളവണ്ണ പറഞ്ഞു.
എന്തിനെയും എല്ലാത്തിനെയും മതവുമായി കൂടിക്കെട്ടി വിവാദങ്ങൾ ഉണ്ടാക്കാനുള്ള ചിലരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കണം. വിലകുറഞ്ഞ പോപ്പുലാരിറ്റി ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താൻ സാധിക്കാത്തത് ഇത്‌കൊണ്ടാണ്. പരസ്യബോർഡും കട്ടൊട്ടുകളും ഹറാമാണെങ്കിൽ മത പരിപാടികൾ പോലും ഈ ഗണത്തിൽ എണ്ണാൻ ചിലർ ശ്രമിക്കുന്നതിനെ നാം അംഗീകരിക്കേണ്ടതായിവരും. മത പ്രഭാഷണങ്ങൾ, സമ്മേളനങ്ങൾ, വാർഷികാഘോഷങ്ങൾ എന്ന് വേണ്ട എല്ലാം ഹറാമാക്കേണ്ടിവരുമെന്ന് ചുരുക്കമെന്ന് അദ്ദേഹംവ്യക്തമാക്കി.
ഫുട്ബോളിൽ ഒരുമിക്കുന്നത് വൈവിധ്യങ്ങളാണ്. ലോകം ഒന്നിച്ചൊന്നായി ഒരുമിക്കുന്ന അപൂർവ അനുഭവം. വലിയവനും ചെറിയവനും കറുത്തവനും വെളുത്തവനും ധനികനും ദരിദ്രനും പണക്കാരനും പട്ടിണിപാവങ്ങളും എന്ന് വേണ്ട എല്ലാവരും ഒരുമിക്കുന്ന സംഗമ വേദി.
ഇവിടെ കൊടിയുടെ, അതിർത്തിയുടെ, രാജ്യത്തിന്റെ, അതിർവരമ്പുകൾ ഒരിക്കലും നിർണയിക്കുക അസാധ്യംതന്നെ. നിസാർ ഒളവണ്ണ കൂട്ടിച്ചേർത്തു