'മറ്റൊന്നും ആലോചിക്കാതെയാണ് കാറിൽ ചാടിക്കയറിയത്'; നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങിയപ്പോൾ രക്ഷകനായ സുധീഷ് ഇവിടെയുണ്ട്
സുധീഷിന്റെ അവസരോചിത ഇടപെടലിൽ വലിയ അപകടമാണ് ഒഴിവായത്
മലപ്പുറം: കോട്ടക്കലിൽ നിർത്തിയിട്ടിരുന്ന കാർ പിന്നോട്ടിറങ്ങിയപ്പോൾ രക്ഷകനായത് കോട്ടക്കൽ കോഴിച്ചെന സ്വദേശി സുധീഷ്. സുധീഷിന്റെ അവസരോചിത ഇടപെടലിൽ വലിയ അപകടമാണ് ഒഴിവായത്. രക്ഷാപ്രവർത്തനത്തിന്റ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അഭിനന്ദന പ്രവാഹമാണ് സുധീഷിനെ തേടി എത്തുന്നത് .
ആരെയും ഞെട്ടിക്കുന്ന മരവിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. ഈ അപകടം നേരിൽ കണ്ട സുധീഷ് ഞെട്ടിത്തരിച്ച് പകച്ച് നിന്നില്ല , മറ്റൊന്നും ആലോചിക്കാതെ സുധീഷ് വാഹനത്തിലേക്ക് ചാടി കയറിവാഹനം ബ്രേക്ക് ചവിട്ടി നിർത്തുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചക്ക് കോട്ടക്കൽ നഗരത്തിൽ ബീരാൻ സാഹിബ് റോഡിന് എതിർവശം നിർത്തിയിട്ട കാറാണ് പിറകിലോട്ട് തനിയെ നീങ്ങിയത് . തിരക്കേറിയ റോഡിലേക്കിറങ്ങിയ വാഹനത്തിൽ കുട്ടികളുൾപ്പെടെയുള്ളവരാണ് ഉണ്ടായിരുന്നത് . കോട്ടക്കൽ കെ.എസ്.എഫ്.ഇ ഓഫീസ് ജീവനക്കാരനായ സുധീഷ് ഓഫീസിലേക്കുള്ള യാത്രാമധ്യേയാണ് കാര്‍ തനിയെ നീങ്ങുന്നത് കണ്ടത്. വീഡിയോ വൈറലായ കാര്യമൊന്നും അറിഞ്ഞിരുന്നില്ലെന്ന് സുധീഷ് പറയുന്നു. 'പിന്നീട് ഓഫീസിലെത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. വീഡിയോ കണ്ടപ്പോഴാണ് ഞാന്‍ എന്താണ് ചെയ്തതെന്ന് എനിക്ക് തന്നെ മനസിലായത്'.. സുധീഷ് പറയുന്നു. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് രക്ഷകൻ സുധീഷിന് അഭിനന്ദനമറിയിക്കുന്നത് .