മലപ്പുറത്തും പാലക്കാട്ടും വീണ്ടും തെരുവുനായ ആക്രമണം; രണ്ടു പേർക്ക് കടിയേറ്റു

സംസ്ഥാനത്ത് ഇന്നും വ്യാപക തെരുവ് നായ ആക്രമണം

Update: 2022-09-14 16:58 GMT
Advertising

മലപ്പുറം: മലപ്പുറത്തും പാലക്കാട്ടും വീണ്ടും തെരുവുനായ ആക്രമണം. മലപ്പുറം ചുങ്കത്തറ പള്ളിക്കുത്തിലുള്ള വയോധികക്കാണ് നായയുടെ കടിയേറ്റത്. തൊണ്ണൂറ്റി ഒന്നു വയസുള്ള ചിരുതയെ തെരുവുനായ വീട്ടിൽ കയറി കടിക്കുകയായിരുന്നു. കൂടാതെ പാലക്കാട് തച്ചനാട്ടുകരയിലും ഒരാൾക്ക് തെരുവുനായയുടെ കടിയേറ്റു. തച്ചനാട്ടുകരയിൽ വിനോദിനി എന്നവർക്കാണ് കടിയേറ്റത്. ഇന്ന് രാത്രി 7 മണിയോടെയായിരുന്നു സംഭവം

അതേസമയം സംസ്ഥാനത്ത് ഇന്നും വ്യാപക തെരുവ് നായ ആക്രമണമാണുണ്ടായത്. തിരുവനന്തപുരം അരുവിയോട്ടിൽ തെരുവ് നായ ബൈക്കിന് കുറുകെചാടി അപകടത്തിൽപ്പെട്ട യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കുന്നത്തുകാൽ സ്വദേശി അജിൻ എ എസ് ആണ് മരിച്ചത്. അജിന്റെ കുടുംബത്തിന് സർക്കാർ നഷ്ട പരിഹാരം നൽകണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

കൂടാതെ തിരുവനന്തപുരത്ത് നാഷണൽ ക്ലബ് ജീവനക്കാരനായ ശ്രീനിവാസൻ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ പിന്നാലെ എത്തി തെരുവ് നായ കടിച്ചു. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസൻറെ കാലിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. കടക്കാവൂരിൽ എഴുപതുകാരിയായ ലളിതമ്മയും നായയുടെ ആക്രമണത്തിന് ഇരയായി. ഞാണ്ടൂർകോണം സ്വദേശി അനിൽകുമാറിനും തെരുവുനായയുടെ കടിയേറ്റു.

കോഴിക്കോട് കൊളത്തറയിൽ തെരുവുനായ പിന്തുടർന്ന് ഓടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന് പരുക്കേറ്റു. ഇടുക്കി കട്ടപ്പനയിൽ നിർമലസിറ്റി സ്വദേശി ലളിത സോമനെ തെരുവ് നായ ആക്രമിച്ചു. അടിമാലിയിലും കോതമംഗലത്തും വയനാട്ടിലും വളർത്തു മൃഗങ്ങൾക്ക് നേരെയും തെരുവുനായയുടെ ആക്രമണമുണ്ടായി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News