തെരഞ്ഞെടുപ്പ് തോൽവിയിൽ ലീഗിൽ കടുത്ത നടപടി; കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു
എറണാകുളം ജില്ലാ പ്രസിഡന്റിനെ ശാസിക്കാനും തീരുമാനമായിട്ടുണ്ട്. എറണാകുളത്ത് വിഎ ഗഫൂറിനെ വർക്കിങ് പ്രസിഡന്റാക്കും
തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് മുസ്്‌ലിം ലീഗിൽ കടുത്ത നടപടി. കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. താനൂർ മണ്ഡലം കമ്മിറ്റിക്കെതിരെയും നടപടിയുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലെ ചില അംഗങ്ങളെ മാറ്റാനും തീരുമാനമുണ്ട്.
കോഴിക്കോട് ചേരുന്ന പ്രവർത്തക സമിതി യോഗത്തിലാണ് നടപടികളിൽ തീരുമാനമായത്. ഏറെ മുറവിളികൾക്കുശേഷം കഴിഞ്ഞ ദിവസം ചേർന്ന ലീഗ് ഭാരവാഹി യോഗത്തിലും തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച നടപടികൾ ചർച്ച ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ പ്രവർത്തക സമിതി ചേരുന്നത്. കൊല്ലം ജില്ലാ പ്രസിഡന്റെയും ജനറൽ സെക്രട്ടിയെയും താക്കീത് ചെയ്യാനും എറണാകുളം ജില്ലാ പ്രസിഡന്റിനെ ശാസിക്കാനും തീരുമാനമായിട്ടുണ്ട്. എറണാകുളത്ത് വിഎ ഗഫൂറിനെ വർക്കിങ് പ്രസിഡന്റാക്കും.
കഴിഞ്ഞ ദിവസം ചേർന്ന ഭാരവാഹി യോഗത്തിൽ ഉന്നതാധികാര സമിതിയുടെ ഭരണഘടനാ സാധുത ചർച്ചയായിരുന്നു. ഒന്നര വർഷമായി ഭാരവാഹി യോഗം ചേരാത്തത് ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചതോടെയാണ് ചർച്ച ഉന്നതാധികാര സമിതിയിലേക്ക് നീണ്ടത്. തുടർന്ന് എല്ലാ മാസവും ഭാരവാഹി യോഗം വിളിക്കാൻ യോഗം തീരുമാനിച്ചിരിക്കുകയാണ്. ഒന്നര വർഷമായി ഭാരവാഹി യോഗം ചേരാത്തത് ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചതോടെയാണ് ചർച്ച ഉന്നതാധികാര സമിതിയിലേക്ക് നീണ്ടത്. തുടർന്ന് എല്ലാ മാസവും ഭാരവാഹി യോഗം വിളിക്കാൻ യോഗം തീരുമാനിച്ചിരിക്കുകയാണ്.
സെക്രട്ടേറിയറ്റ് അംഗങ്ങൾ അടങ്ങുന്ന ഭാരവാഹി യോഗം ഒന്നര വർഷമായി ചേരുന്നില്ലെന്ന് കെഎസ് ഹംസ, കെഎം ഷാജി, പിഎം സാദിഖലി എന്നീ നേതാക്കൾ യോഗത്തിൽ ഉന്നയിച്ചു. ഇതിന് പികെ കുഞ്ഞാലിക്കുട്ടി നൽകിയ മറുപടിയാണ് ചർച്ചയ്ക്ക് വഴിവച്ചത്. സംസ്ഥാന ഭാരവാഹി യോഗം പാർട്ടി ഭരണഘടനയിൽ ഇല്ലെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഭാരവാഹി യോഗമല്ല, ഉന്നതാധികാര സമിതിയാണ് ഭരണഘടനയിൽ ഇല്ലാത്തതെന്ന് കെഎം ഷാജിയും പിഎം സാദിഖലിയും പ്രതികരിച്ചു. ഒന്നര വർഷത്തിനിടെ പലവട്ടം ഭാരവാഹികൾ യോഗം ചേർന്നിട്ടുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി സമർത്ഥിക്കുകയും ചെയ്തു. ഇതിന് ഭാരവാഹികളല്ലാത്ത പികെ ഫിറോസിനെയും മുനവ്വറലി തങ്ങളെയും പങ്കെടുപ്പിച്ചുള്ള യോഗം എങ്ങനെ ഭാരവാഹിയോഗമാകുമെന്ന് മറുചോദ്യമുയർന്നു. തുടർന്ന് സാദിഖലി തങ്ങളുടെ അസാന്നിധ്യത്തിൽ യോഗം നിയന്ത്രിച്ച എംസി മായിൻഹാജി ഇടപെട്ട് ഈ വിഷയത്തിലുള്ള ചർച്ച അവസാനിപ്പിക്കുകയായിരുന്നു.