മലിനജല സംസ്കരണ പ്ലാന്റിനെതിരായ സമരം; കോടതി വിധി ലംഘിക്കപ്പെട്ടതായി പരാതി
സമരസമിതിക്കൊപ്പം നിലയുറപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം
കോഴിക്കോട്: കോതിയില്‍ മലിന ജല സംസ്കരണ പ്ലാന്റിന്റെ സ്ഥല പരിശോധനയില്‍ ഹൈക്കോടതി വിധിയുടെ ലംഘനമുണ്ടായതായി സമര സമിതി. പുഴയുടെ തീരത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന കോടതി നിര്‍ദേശം ലംഘിക്കപ്പെട്ടെന്ന് ജില്ലാ കലക്ടര്‍ക്ക് സമിതി പരാതി നല്‍കി. പ്ലാന്റ് നിര്‍മാണത്തിനെതിരായ സമരത്തിനൊപ്പം നിലയുറപ്പിക്കാന്‍ കെപിസിസി നേതൃത്വം കോഴിക്കോട് ഡി.സി.സി ക്ക് നിര്‍ദേശം നല്‍കി.
പ്ലാന്റിന് സ്ഥലം അളക്കുന്നതിനായി പുഴയോരത്ത് പോസ്റ്റുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് സ്ഥാപിച്ചത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നാണ് സമര സമിതിയുടെ ആരോപണം. പുഴയുടെ തീരത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ പ്ലാന്റിനായി സ്ഥലപരിശോധന നടത്താമെന്ന ഹൈക്കോടതി വിധി ലംഘിച്ചുവെന്ന് കാട്ടിയാണ് കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും സമര സമിതി നേതാക്കള്‍ പറഞ്ഞു. പ്ലാന്‍റ് നിര്‍മാണത്തിനെതിരായി സമരം ചെയ്യുന്ന നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായ സ്ഥലം പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ പി സി സി പ്രസിഡന്റ് കെ സുധാകരനും ഇന്നലെ സന്ദര്‍ശിച്ചു. സമരസമിതിക്കൊപ്പം നിലയുറപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
പ്ലാന്റിനായി സ്ഥലം അളക്കാന്‍ ഉദ്യോഗസ്ഥരെത്തിയതിനെത്തുടര്‍ന്നാണ് ഇന്നലെ നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പത്ത് സ്ത്രീകളടക്കം നാല്‍പ്പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കോഴിക്കോട് കോര്‍പ്പറേഷന്റെ തീരുമാനം.