ജി സുധാകരനെതിരെ നീക്കം ശക്തം; സംസ്ഥാന സമിതി വിഷയം ചർച്ച ചെയ്‌തേക്കും
തെരഞ്ഞെടുപ്പിലെ ഗുരുതരമായ വിമർശനങ്ങൾക്കൊപ്പം ജി സുധാകരനുമായി ബന്ധപ്പെട്ട മുൻ വിവാദങ്ങളും പരാതിയിൽ ഉണ്ട്.
പാർട്ടി സമ്മേളനങ്ങൾ അടുത്തുനിൽക്കെ ആലപ്പുഴ സി.പി.എമ്മിൽ വീണ്ടും വിഭാഗീയത കടുക്കുന്നു. തെരഞ്ഞെടുപ്പിൽ സജീവമല്ലാത്തത് അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി മുതിർന്ന നേതാവായ ജി സുധാകരനെതിരെ നീക്കം ശക്തമാണ്. പരാതികളിൽ സംസ്ഥാന നേതൃത്വം അന്വേഷണം നടത്തുമെന്ന പ്രതീക്ഷയിലാണ് സുധാകരവിരുദ്ധ പക്ഷം.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം കഴിഞ്ഞതുമുതൽ ജി സുധാകരനും പാർട്ടിയിലെ പുതിയ ചേരിയും തമ്മിൽ പോര് തുടങ്ങിയിരുന്നു. പ്രവർത്തനങ്ങളിൽ സജീവമല്ലെന്ന പരാതി ഉയർന്നപ്പോൾ പ്രചാരണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ക്രിമിനലുകളാണെന്നായിരുന്നു സുധാകരന്റെ മറുപടി. വിഷയം തത്കാലത്തേക്ക് ശമിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങൾക്ക് പിന്നാലെ വിഭാഗീയത വീണ്ടും ആളുകയാണ്.
ജില്ലാ കമ്മിറ്റി യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും തിരിഞ്ഞതോടെ പ്രതിരോധത്തിലാണ് ജി സുധാകര പക്ഷം. പാർട്ടി സംസ്ഥാന നേതൃയോഗങ്ങളിൽ വിഷയം ചർച്ചയാക്കാനാണ് ഇവരുടെ നീക്കം. തെരഞ്ഞെടുപ്പിലെ ഗുരുതരമായ വിമർശനങ്ങൾക്കൊപ്പം ജി സുധാകരനുമായി ബന്ധപ്പെട്ട മുൻ വിവാദങ്ങളും പരാതിയിൽ ഉണ്ട്. അതിനാൽ സംസ്ഥാന നേതൃത്വം അന്വേഷണം നടത്തുകയും അച്ചടക്ക നടപടിയിലേക്ക് കാര്യങ്ങൾ എത്തുമെന്നുമാണ് എതിർചേരിയുടെ പ്രതീക്ഷ.
എന്നാൽ, ആരോപണങ്ങളോട് വിട്ടുവീഴ്ചയില്ലാതെ ഏറ്റുമുട്ടാനാണ് ജി സുധാകരന്റെ തീരുമാനം. പാർട്ടി സമ്മേളനങ്ങൾ അടുത്തുനിൽക്കെ ചൂടുപിടിക്കുന്ന വിഭാഗീയത സി.പി.എം സംസ്ഥാന നേതൃത്വത്തിനും തലവേദനയാണ്. അതിനാൽ വലിയ ചർച്ചയാക്കാതെ വിഷയം അവസാനിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.