സ്‌നേഹത്തിന്റെ മുഖമായി സച്ചിൻ; അർബുദബാധിതകർക്ക് മുടി മുറിച്ച് നൽകി മസ്‌കുലാർ ഡിസ്‌ട്രോഫി ബാധിതനായ വിദ്യാർഥി

മൂന്നുവർഷം മുമ്പ് കാണാനിടയായ ഒരു വീഡിയോയാണ് സച്ചിനെ മുടി നല്‍കാന്‍ പ്രേരിപ്പിച്ചത്

Update: 2023-07-28 05:17 GMT
Editor : Lissy P | By : Web Desk
Advertising

പാലക്കാട്: മസ്കുലാർ ഡിസ്ട്രോഫി രോഗം ബാധിച്ച് ശരീരം തളർന്നിട്ടുണ്ടെങ്കിലും സച്ചിന്  പരിമിതികൾ ഒരു തടസ്സമായില്ല. മൂന്നുവർഷമായി കരുതലോടെ നീട്ടി വളർത്തിയ തന്റെ മുടി അർബുദ രോഗബാധിതർക്കായി നൽകി സ്നേഹത്തിന്റെ മുഖമായിരിക്കുകയാണ് സച്ചിന്‍.

യുകെജിയിൽ പഠിക്കുമ്പോഴാണ് സച്ചിന് പേശികൾക്ക് ബലം കുറയുന്ന മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം കണ്ടെത്തിയത്. അമ്മ ശ്രീവിദ്യ എടുത്തുകൊണ്ടാണ് സ്കൂളിൽ എത്തിച്ചിരുന്നത്. മൂന്നുവർഷം മുമ്പ് കാണാനിടയായ ഒരു വീഡിയോയാണ് അർബുദ ബാധിതർക്ക് മുടി നൽകണമെന്ന ആശയത്തിലേക്ക് സച്ചിനെ നയിച്ചത്.

മുടി വളരുന്നത് കണ്ട്, തുടക്കത്തിൽ, അച്ഛൻ ബാർബർ ഷോപ്പിൽ എത്തിച്ചെങ്കിലും അന്ന് സച്ചിൻ കരഞ്ഞു. വീട്ടുകാർ കാര്യം അന്വേഷിച്ചതോടെ മുടി വളർത്തണമെന്നും അർബുദ ബാധിതർക്ക് നൽകണമെന്നും സച്ചിന്റെ മറുപടി. മകന്റെ ആഗ്രഹത്തിനൊപ്പം വീട്ടുകാരും ചേർന്നു.

18 വയസ്സിനു താഴെയുള്ള ശാരീരിക പരിമിതികൾ നേരിടുന്ന കുട്ടികളെ സഹായിക്കാനായി പ്രവർത്തിക്കുന്ന സോൾ എന്ന എൻജിഒയും സച്ചിന് പിന്തുണ നൽകി. മൂന്നുവർഷംകൊണ്ട് 51 സെന്റീമീറ്ററിൽ അധികം മുടി വളർന്നതോടെയാണ് മുറിച്ചു നൽകാൻ തീരുമാനിച്ചത്. സച്ചിനെ കൂടാതെ സഹോദരി നന്ദന, സോൾ അംഗങ്ങളായ സജിത, ഹഷ്‌മിയ,അശ്വതി ദാസ്, അക്ഷയാ ദാസ് എന്നിവരും അർബുദ ബാധിതർക്കായി മുടി മുറിച്ചു നൽകി.. തൃശ്ശൂർ മെഡിക്കൽ കോളേജിലുള്ള ഹെയർ ബാങ്കിലേക്ക് മുടി കൈമാറും.

കുഴൽമന്ദം കുളവൻമുക്ക് ഗവൺമെന്റ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സച്ചിൻ. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശരീരം കൂടുതലായി തളർന്നത്.  ഫിസിയോതെറാപ്പി ആവശ്യമായതിനാൽ ആഴ്ചയിൽ ഒരിക്കൽ മാത്രമേ സ്കൂളിൽ പോകാൻ സാധിക്കൂ. ഇപ്പോൾ വീട്ടിലെത്തുന്ന അധ്യാപകരുടെ സഹായത്തോടെയാണ് പഠനം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News