'25ന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ഇനി കൺസെഷനില്ല'; പുതിയ മാർഗരേഖയുമായി കെ.എസ്.ആർ.ടി.സി

2016 മുതൽ 2020 വരെ 996.31 കോടിയുടെ സാമ്പത്തിക ബാധ്യതയാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായത്

Update: 2023-02-28 01:02 GMT
Advertising

തിരുവനന്തപുരം: വിദ്യാർഥി കൺസെഷന് പുതിയ മാർഗരേഖയുമായി കെ.എസ്.ആർ.ടി.സി. 25 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് ഇനി കൺസെഷൻ ലഭിക്കില്ല. മാതാപിതാക്കൾ ഇൻകം ടാക്‌സ് പരിധിയിൽ വരുന്ന കോളജ് വിദ്യാർഥികൾക്കും പുതിയ മാർഗരേഖ പ്രകാരം യാത്രാ ഇളവുണ്ടാകില്ല.

സർക്കാർ, എയിഡഡ് സ്കൂളുകൾക്ക് നിലവിലെ രീതി തുടരും. സ്വകാര്യ സ്കൂളിലെയും കോളേജിലെയും ബിപിഎല്‍ വിദ്യാർഥികൾക്ക് കൺസഷൻ നൽകാമെന്നും കെഎസ്ആർടിസി എംഡിയുടെ നിർദേശത്തിലുണ്ട്. സ്വകാര്യ സ്കൂളിലെയും കോളജിലെയും മറ്റു വിദ്യാർഥികൾക്ക് യാത്രാനിരക്കിന്റെ 30% കൺസഷൻ അനുവദിക്കും.

2016 മുതൽ 2020 വരെ 996.31 കോടിയുടെ സാമ്പത്തിക ബാധ്യതയാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായത്. ഈ തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. നിലവിൽ കെ.എസ്.ആർ.ടി.സി കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച് വരികയാണ്. വ്യാപകമായി അനുവദിച്ച വരുന്ന സൌജന്യങ്ങൾ തുടരാൻ കഴിയില്ലെന്നും മാർഗരേഖയിൽ പറയുന്നു. വിദ്യാർഥി സംഘടനകളുടെ പ്രതിഷേധമുണ്ടായാലും നേരിടാനുറച്ചാണ് പുതിയ കൺസഷൻ മാർഗരേഖ തയ്യാറാക്കിയത്. സർക്കാർ സർവീസിൽ നിന്ന് പെൻഷൻ പറ്റി പിന്നീട് പഠിക്കാൻ പോകുന്നവർക്ക് വരെ വിദ്യാർത്ഥി കൺസഷൻ അനുവദിച്ചിരുന്ന രീതിക്ക് മാറ്റം വരുത്തി.

അതേസമയം കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് സിഐടിയുവിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ഇന്ന് തിരുവനന്തപുരം ചീഫ് ഓഫീസിലേക്ക് പ്രതിഷേധ ധര്‍ണ നടത്തും. ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കുക, ശമ്പളത്തിന് ടാര്‍ഗറ്റ് നിശ്ചയിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, നിര്‍ബന്ധിത പിരിച്ചുവിടലിന്റെ ഭാഗമായി വി.ആര്‍.എസ് നടപ്പിലാക്കരുത് തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണ് കോര്‍പ്പറേഷനെ തകര്‍ക്കുന്നതെന്നാണ് ഭരണാനുകൂല സംഘടനയായ സിഐടിയുവിന്റെ ആരോപണം.യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News