സാങ്കേതിക പ്രശ്‌നം: പ്ലസ് വൺ അപേക്ഷ നൽകാനാകാതെ മലപ്പുറത്തെ വിദ്യാർഥികൾ
മറ്റ് ജില്ലകളിൽ മലപ്പുറത്തുള്ള സാങ്കേതിക പ്രശ്‌നങ്ങളില്ല
മലപ്പുറം: സാങ്കേതിക പ്രശ്‌നം മൂലം പ്ലസ് വൺ അപേക്ഷ നൽകാനാകാതെ മലപ്പുറത്തെ വിദ്യാർഥികൾ. ആദ്യ ദിവസം 2500 വിദ്യാർത്ഥികൾക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കാനായത്. രണ്ട് ദിവസം പിന്നിട്ടപ്പോൾ പതിനായിരത്തോളം വിദ്യാർഥികൾക്കാണ് അപേക്ഷ സമർപ്പിക്കാനായത്. എന്നാൽ മറ്റ് ജില്ലകളിൽ മലപ്പുറത്തുള്ള സാങ്കേതിക പ്രശ്‌നങ്ങളില്ല. മലപ്പുറത്ത് നിന്ന് മറ്റ് ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിനും തടസ്സമില്ല. എച്ച്എസ്‌ക്യാപ്.കേരള.ഗവ.ഇൻ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നൽകുന്നത്.
അതേസമയം, കൂടുതൽ കുട്ടികൾ ഒരുമിച്ച് അപേക്ഷിക്കുമ്പോൾ സെർവറിനുണ്ടാകുന്ന തകരാറാണ് പ്രശ്‌നത്തിന് കാരണമെന്ന് മലപ്പുറം ഡി.ഡി.ഇ രമേഷ് കുമാർ പറഞ്ഞു. വെബ്‌സൈറ്റ് ലഭ്യമാണെന്നും വേഗത കുറവാണെന്നാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസങ്ങളിൽ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും അറിയിച്ചു. സംസ്ഥാന അധികൃതരോട് വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്തെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ ഹൈക്കോടതി നേരത്തെ ഇടപെട്ടിരുന്നു. പുതിയ ബാച്ചുകൾ അനുവദിക്കാൻ സർക്കാറിന് നിർദേശം നൽകുകയായിരുന്നു. ഹയർ സെക്കൻഡറി മേഖലയിൽ ജില്ല കടുത്ത അസൗകര്യം നേരിടുന്നെന്ന നിരീക്ഷണത്തെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. ഇക്കാര്യത്തിൽ ഉടനടി തീരുമാനമെടുക്കണമെന്നാണ് നിർദേശം. ജില്ലയിൽനിന്ന് ഈ വർഷം 77,691 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. അധിക ബാച്ചും പുതിയ ബാച്ചും തുടങ്ങാനാണ് ഡിവിഷൻ ബെഞ്ച് സർക്കാറിന് നിർദേശം നൽകിയിട്ടുള്ളത്. ജില്ലയിലെ പ്ലസ് വൺ വിദ്യാർഥികളുടെ പ്രശ്‌നത്തിൽ ഇടപെടാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
മുന്നിയൂർ ഹയർസെക്കൻഡറി സ്‌കൂളിൽ മൂന്ന് മാസത്തിനകം കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്, സയൻസ് വിഷയങ്ങളിൽ മൂന്ന് അധിക ബാച്ച് അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് പുതിയ ഉത്തരവിട്ടിട്ടുള്ളത്. മുന്നിയൂർ സ്‌കൂളിന്റെ കാര്യത്തിൽ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.
Students of Malappuram could not submit Plus One application due to technical problem