വിനോദയാത്രക്കുപോയ വിദ്യാർഥികളോട് മോശമായി പെരുമാറി; ക്ലര്‍ക്കിനെതിരെ നടപടിയെടുത്ത് സ്കൂള്‍
പാലക്കാട് ചളവര ഹയർസെക്കന്ററി സ്‌കൂളിലെ ക്ലർക്ക് എ.പി സത്യപാലനെയാണ് സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തത്
പാലക്കാട്: വിനോദയാത്രക്കുപോയ വിദ്യാർഥികളോട് മോശമായി പെരുമാറിയ പരാതിയിൽ സ്‌കൂൾ ക്ലർക്കിന് സസ്‌പെൻഷൻ. പാലക്കാട് ചളവര ഹയർസെക്കന്ററി സ്‌കൂളിലെ ക്ലർക്ക് എ.പി സത്യപാലനെയാണ് സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തത്. വിനോദയാത്രക്കിടെ മദ്യപിച്ചെത്തിയ സത്യപാലൻ വിദ്യാർഥികളോട് മോശമായി പൊരുമാറിയെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് ചളവറ ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിൽ നിന്ന് ഹൈസ്‌കൂൾ വിദ്യാർഥികൾ മൈസൂരിലേക്ക് വിനോദയാത്രക്ക് പോയത്.
ഇതിനിടെ സ്‌കൂളിലെ ക്ലർക്കും മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ പി. സത്യപാലൻ വിദ്യാർഥികളോട് അപമര്യാദയായി പെരുമാറി എന്നുള്ളതാണ് പരാതി. ഇയാൾ ബസ്സിൽ വെച്ച് മദ്യപിക്കുകയും തുടർന്ന് വിദ്യാർഥികളോാട് മോശമായി പെരുമാറുകയും ചെയ്തുവെന്നുമാണ് പരാതി. പ്രധാന അധ്യാപികക്ക് വിദ്യാർഥികൾ പരാതി നൽകിയിരുന്നു.
എന്നാൽ യാതൊരുവിധ നടപടിയും എടുത്തിരുന്നില്ല. ഇതേതുടർന്നാണ് വിദ്യാർഥികൾ സംഘടിക്കുകയും പിന്നാലെ ഒരുകൂട്ടം അധ്യാപകരും എത്തി പ്രതിഷേധം ഉയർത്തുകയുമായിരുന്നു. പ്രതിഷേധത്തിന് പിന്നാലെ സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റാണ് സ്‌കൂൾ ഭരിക്കുന്നത്. സംഭവത്തിൽ മാനേജ്‌മെന്റ് പൊലീസിൽ പരാതി നൽകുകയും സത്യപാലനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ വീഴ്ച വരുത്തിയതിന് പ്രധാന അധ്യാപകക്കെതിരേയും നടപടി യെടുത്തിട്ടുണ്ട്.