'പുറത്ത് നിന്ന് രോഗബാധ ഉണ്ടായിട്ടില്ല'; പക്ഷിപ്പനിയിൽ പഠനസംഘം റിപ്പോർട്ട് സമർപ്പിച്ചു
2025 മാർച്ച് മാസം വരെ വലിയ രീതിയിലുള്ള ജാഗ്രത പാലിക്കണമെന്ന് നിർദേശം
തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനിയിൽ പഠനസംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്ന് രോഗബാധ ഉണ്ടായിട്ടില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു. ദേശാടനപ്പക്ഷികളിൽ നിന്ന് വൈറസ് പകർന്നിരിക്കാമെന്നും പനി ബാധിച്ച പക്ഷികളുടെ കാഷ്ടവും തീറ്റയും അവശിഷ്ടങ്ങളും ശാസ്ത്രീയമായി സംസ്കരിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് സാധാരണയായി സംസ്ഥാനത്ത് പക്ഷിപ്പനി കാണപ്പെടാറുള്ളത്. എന്നാൽ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പക്ഷിപ്പനി വലിയ രീതിയിൽ പടർന്നുപിടിക്കുകയുണ്ടായി. ഇതോടുകൂടിയാണ് സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ഒരു വിദഗ്ദ സമിതിയെ രൂപികരിച്ചത്. അസുഖം ബാധിച്ച പക്ഷികളുടെ വിൽപ്പനയിലൂടെയും രോഗം പടർന്നിരിക്കാമെന്നും റിപ്പോർട്ടിലുണ്ട്.
2025 മാർച്ച് മാസം വരെ വലിയ രീതിയിലുള്ള ജാഗ്രത പാലിക്കണമെന്ന നിർദേശം റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലുണ്ട്. ജില്ലകളിലെ പക്ഷികളെയോ ഉൽപ്പന്നങ്ങളെയോ 2025 മാർച്ച് വരെ പുറത്തു വിൽക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു.