സുബൈർ വധം: പ്രതികൾ രക്ഷപ്പെടാനുപയോഗിച്ച കാർ കണ്ടെത്തി
സുബൈറിനെ ഇടിച്ചുവീഴ്ത്തിയ കാർ നേരത്തെ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലുള്ളതാണ്. എന്നാൽ തങ്ങൾക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് സഞ്ജിത്തിന്റെ പിതാവ് അറുമുഖൻ പറഞ്ഞു.
പാലക്കാട്: പോപ്പുലര്‍ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാർ കണ്ടെത്തി. കഞ്ചിക്കോട് നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഞ്ചിക്കോട്‌നിന്ന് കാർ കണ്ടെത്തിയിരിക്കുന്നത്. KL 9 AQ 7901 മാരുതി അൾട്ടോ കാറാണ് കണ്ടെത്തിയത്. കാറിൽ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. കൃപേഷ് എന്ന് വ്യക്തിയുടെ കാറാണ് എന്നാണ് മോട്ടോർവകുപ്പിന്റെ രേഖകളിൽ നിന്ന് വ്യക്തമാകുന്നത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് കാർ കണ്ടെന്ന് സമീപത്തെ കടയുടമ പറഞ്ഞു. ആരും എത്താത്തതിനാൽ രാത്രി ഒമ്പതുമണിയോടെ പൊലീസിനെ വിവരമറിയിച്ചതായും അദ്ദേഹം പറഞ്ഞു. കാറിന് രാത്രി പൊലീസ് കാവലേർപ്പെടുത്തിയെന്നും കടയുടമ പറഞ്ഞു.
സുബൈറിനെ ഇടിച്ചുവീഴ്ത്തിയ കാർ നേരത്തെ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലുള്ളതാണ്. എന്നാൽ തങ്ങൾക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് സഞ്ജിത്തിന്റെ പിതാവ് അറുമുഖൻ പറഞ്ഞു. സഞ്ജിത്ത് കൊല്ലപ്പെടുന്നതിന്റെ മുമ്പ് കാർ ഒരു വർക്ക്‌ഷോപ്പിൽ കൊടുത്തുവെന്ന് പറഞ്ഞിരുന്നു. കൊല്ലപ്പെട്ടതിന് ശേഷം കാർ വാങ്ങാൻ പോയിട്ടില്ല. ആരാണ് ഇപ്പോൾ അതുപയോഗിക്കുന്നത് എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഉച്ചക്ക് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം തിരിച്ചുവരുമ്പോഴാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സുബൈറിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ആർഎസ്എസ് പ്രവർത്തകരാണ് കൊലനടത്തിയതെന്നാണ് എസ്ഡിപിഐ ആരോപിക്കുന്നത്. രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.