'താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് പോലെ സുധാകരന്‍ കെപിസിസി പിടിച്ചെടുത്തു'; അതിരൂക്ഷവിമര്‍ശവുമായി അനില്‍കുമാര്‍

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരനല്ലാതെ മറ്റൊരാളുടെ പേര് ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിച്ചിട്ടില്ല. അങ്ങനെ മുതിര്‍ന്ന നേതാക്കളെ അപമാനിക്കുകയായിരുന്നു കെ സുധാകരനെന്നും അനില്‍കുമാര്‍

Update: 2021-09-14 07:26 GMT
Editor : rishad | By : Web Desk
Advertising

കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷവിമര്‍ശവുമായി കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാര്‍. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് പോലെയാണ് സുധാകരന്‍ കെപിസിസി പിടിച്ചെടുത്തതെന്ന് അനില്‍കുമാര്‍ പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരനല്ലാതെ മറ്റൊരാളുടെ പേര് ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിച്ചിട്ടില്ല. അങ്ങനെ മുതിര്‍ന്ന നേതാക്കളെ അപമാനിക്കുകയായിരുന്നു കെ സുധാകരന്‍. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ പരസ്യമായി തെറി വിളിക്കുന്നയാളെ ആദരിച്ച വ്യക്തിയാണ് സുധാകരന്‍. പാര്‍ട്ടിക്കുള്ളില്‍ ഒരേ നീതി നടപ്പിലാക്കിയെങ്കില്‍ പരാതി ഉണ്ടാകില്ലായിരുന്നെന്നും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത് കെ.സി വേണുഗോപാലാണെന്നും അനില്‍കുമാര്‍ പറഞ്ഞു. 

കോണ്‍ഗ്രില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് മൂക്ക് കയറിടുന്നുണ്ട്. ഒരേ നീതി നടപ്പിലാക്കിയെങ്കില്‍ പരാതി ഉണ്ടാകില്ലായിരുന്നു. പാര്‍ട്ടി നീതി നിഷേധിച്ചപ്പോള്‍ സംഘപരിവാറുമായി സഖ്യം ചേരാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. സംഘപരിവാര്‍ മനസുള്ളയാള്‍ പാര്‍ട്ടിയെ നയിച്ചാല്‍ നീതി ഉണ്ടാകില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു. 

നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു അനില്‍കുമാറിന്റെ കോണ്‍ഗ്രസില്‍ നിന്നുള്ള രാജി പ്രഖ്യാപനം. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ പറഞ്ഞു.

ആയുസ്സിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗത്തിലധികം പ്രവര്‍ത്തിച്ച, വിയര്‍പ്പും രക്തവും സംഭാവന ചെയ്തിട്ടുള്ള പ്രസ്ഥാനത്തില്‍ നിന്ന് വിടപറയുകയാണെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇന്നത്തോടുകൂടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെ.പി.സി.സി.സി പ്രസിഡന്റ് കെ.സുധാകരനും രാജിക്കത്ത് മെയില്‍ വഴി അയച്ചുവെന്നും അനില്‍കുമാര്‍ പറഞ്ഞു.


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News