സുധീഷ് വധം: മുഖ്യ ആസൂത്രകൻ ഒട്ടകം രാജേഷ് മുങ്ങിയത് പൊലിസിന്റെ കണ്ണുവെട്ടിച്ച്
കേസിലെ ഒന്നും മൂന്നും പ്രതികൾക്കൊപ്പമുണ്ടായിരുന്ന ഒട്ടകം രാജേഷാണ് ഇവർ പിടിയിലാകുന്നതിന് തൊട്ടുമുമ്പ് രക്ഷപ്പെട്ടത്
തിരുവനന്തപുരം പോത്തൻകോട് സുധീഷ് കൊലപാതകത്തിന് പിന്നിലെ മുഖ്യ ആസൂത്രകൻ മുങ്ങിയത് പൊലിസിന്റെ കണ്ണുവെട്ടിച്ച്. കേസിലെ ഒന്നും മൂന്നും പ്രതികൾക്കൊപ്പമുണ്ടായിരുന്ന ഒട്ടകം രാജേഷാണ് ഇവർ പിടിയിലാകുന്നതിന് തൊട്ടുമുമ്പ് രക്ഷപ്പെട്ടത്. തിരുവനന്തപുരം നഗരത്തെ നടുക്കിയ സുധീഷ് വധക്കേസിലെ മുഖ്യപ്രതികളായ സുധീഷ് ഉണ്ണിയും മുട്ടായി ശ്യാമും കഴിഞ്ഞ ദിവസമാണ് പോത്തൻകോട് പൊലിസിന്റെ പിടിയിലാകുന്നത്. രഹസ്യ വിവരത്തെ തുടർന്ന് ചാത്തപ്പാടുള്ള ഒളിസങ്കേതത്തിൽ നടത്തിയ തിരച്ചിലിലാണ് ഇരുവരും അറസ്റ്റിലായത്. ഇവർക്കൊപ്പം കൊലപാതകം ആസൂത്രണം ചെയ്ത ഒട്ടകം രാജേഷുമുണ്ടായിരുന്നെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഒളിവിൽ കഴിയാൻ സഹായം ചെയ്ത സുഹൃത്ത് മുഖേന കീഴടങ്ങാൻ പോകുന്നുവെന്ന് ഒട്ടകം രാജേഷ് പൊലിസിനെ അറിയിച്ചു. എന്നാൽ പൊലിസെത്തുന്നതിന് തൊട്ടുമുമ്പ് മറ്റ് പ്രതികളുടേയും കണ്ണുവെട്ടിച്ച് രാജേഷ് മുങ്ങുകയായിരുന്നു. രക്ഷപ്പെടാൻ ഇയാൾ ഒരുക്കിയ നാടകമായിരുന്നു കീഴടങ്ങൽ പദ്ധതിയെന്നാണ് പൊലിസിന്റെ നിഗമനം.
ചില അഭിഭാഷകരുമായും രാജേഷ് ബന്ധപ്പെട്ടിരുന്നെന്നും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊലിസ് സ്റ്റേഷന്റെ സമീപത്ത് തന്നെ ഒളിവിൽ കഴിഞ്ഞ മുഖ്യ പ്രതികളിലൊരാളെ കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പിടികൂടാൻ പൊലിസിന് ആയിട്ടില്ല. ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മുട്ടായി ശ്യാം എന്നിവർ പിടിയിലായിരുന്നു. ഇതിൽ മുട്ടായി ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്. ഇതോടെ കൊലപാതകത്തിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കൊലപാതകത്തിൽ പങ്കെടുത്ത എട്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. മൂന്നാം പ്രതി ശ്യാമാണ് സുധീഷ് ഉണ്ടായിരുന്ന സ്ഥലം കൊല നടത്തിയവർക്ക് കാണിച്ച് കൊടുത്തത്. അരുൺ, സച്ചിൻ, സൂരജ്, ജിഷ്ണു, സന്ദു, എന്നിവരാണ് മുമ്പ് അറസ്റ്റിലായ പ്രതികൾ. കൊലക്കുപയോഗിച്ച ആയുധങ്ങൾ പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു.
ആറ്റിങ്ങൽ വധശ്രമക്കേസിൽ ഒളിവിലിരിക്കെയാണ് സുധീഷ് കൊല്ലപ്പെടുന്നത്. ഈ മാസം ആറിന് ആറ്റിങ്ങൽ ഊരുപൊയ്കയിൽ നടന്ന വധശ്രമ കേസിലെ പിടികിട്ടാപുള്ളിയാണ് സുധീഷ്. ഇയാളുടെ സഹോദരനടക്കം നാലു പേർ അറസ്റ്റിലായിരുന്നു. ഈ കേസിൽ ഒളിവിൽ കഴിയവെയാണ് കല്ലൂരിലെ വീട്ടിൽ വച്ച് പത്തംഗ സംഘം മൃഗീയമായി സുധീഷിനെ വെട്ടിക്കൊന്നത്.
ദേഹമാസകലം വെട്ടി പരിക്കേൽപ്പിച്ച ഗുണ്ടകൾ കാലുവെട്ടിയെടുത്ത് റോഡിൽ എറിഞ്ഞു. ജയഭേരി മുഴക്കി മടങ്ങി പോകുന്നത് സി.സി.ടി.വിയിൽ വ്യക്തമായിരുന്നു. രക്തം വാർന്നു കിടന്ന സുധീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദാരുണാന്ത്യം നാട്ടുകാരുടെ മുന്നിൽ വച്ചായിരുന്നതിനാൽ ഇതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് വെട്ടിയതെന്ന് ഇയാൾ വഴിമധ്യേ പൊലീസിന് മൊഴി നൽകിയിരുന്നു.
The mastermind behind the murder of Sudheesh in Thiruvananthapuram Pothencode has Escaped