ലഭിക്കാനുള്ളത് 400 കോടി രൂപ; ചെറുകിട വിതരണക്കാർക്ക് പണം നൽകാതെ സപ്ലൈകോ
''ഏഴ് മാസമായി സപ്ലൈകോ ബില്ലുകൾ മാറി നൽകുന്നില്ല''
കൊച്ചി: സംസ്ഥാനത്ത് ചെറുകിട വിതരണക്കാർക്ക് പണം നൽകാതെ സപ്ലൈകോ. സപ്ലൈകോ ഔട്ട് ലറ്റുകളിൽ ഉത്പന്നങ്ങൾ എത്തിക്കുന്ന ചെറുകിട വിതരണക്കാർക്ക് ലഭിക്കാനുള്ളത് 400 കോടി രൂപയാണ്. കുടില്‍ വ്യവസായം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്ന് സപ്ലൈക്കോയിലേക്കുള്ള അവശ്യസാധനങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നവര്‍ക്കാണ് പണം ലഭിക്കാത്തത്. ഏഴ് മാസമായി സപ്ലൈകോ ബില്ലുകൾ മാറി നൽകുന്നില്ലെന്നും മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടും ഫലം ഇല്ലെന്നും വിതരണക്കാരുടെ പ്രതിനിധികൾ മീഡിയവണിനോട് പറഞ്ഞു.
'പലരും ബാങ്കില്‍ നിന്ന് ലോണെടുത്താണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. പണം തിരിച്ചടക്കാത്തതിനാല്‍ ജപ്തി ഭീഷണിമൂലം പ്രയാസത്തിലാണ് ഭൂരിഭാഗം പേരും. പലരും ആത്മഹത്യുടെ വക്കിലാണ്. ഫണ്ടില്ലാത്തതിനാൽ കമ്പനി പൂട്ടേണ്ട സ്ഥിതിയാണ്. 'ചെറുകിട സംരംഭകർ പറയുന്നു. ഇക്കാര്യത്തില്‍ ഉടന്‍ പരിഹാരം കാണമെന്നും ഇല്ലെങ്കില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നാണ് ചെറുകിട സംരംഭകര്‍ പറയുന്നത്.