വയനാട്ടിൽ കോൺഗ്രസ് മുസ്‌ലിം സ്ഥാനാർഥിയെ പരിഗണിക്കണമെന്ന് ‘സുപ്രഭാതം’
‘ഇടത് പാർട്ടികളും മുസ്‍ലിംകൾക്ക് അർഹമായ പരിഗണന നൽകിയില്ല’
കോഴിക്കോട്: രാഹുൽ ഗാന്ധി രാജിവെക്കുകയാണെങ്കിൽ വയനാട് ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസ് മുസ് ലിം സ്ഥാനാർഥിയെ പരിഗണിക്കണമെന്ന് സമസ്ത മുഖപത്രം ‘സുപ്രഭാതം’. കേരളത്തില്‍ മുസ് ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല.
എം.ഐ. ഷാനവാസ് രണ്ടു തവണ വിജയിച്ച വയനാട് സീറ്റിൽ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയതോടെ മുസ് ലിം പ്രാതിനിധ്യം നഷ്ടപ്പെടുകയായിരുന്നു. ഇടതുപാർട്ടികളിലും കേരളത്തിലെ സ്ഥാനാർഥി നിർണയത്തിൽ മുസ് ലിംകൾക്ക് അർഹമായ പരിഗണന നൽകിയില്ല.
ലോകത്തെ ഏറ്റവും കൂടുതൽ മുസ് ലിംകളുള്ള മൂന്നാമത്തെ രാജ്യമായ ഇന്ത്യയിലെ മന്ത്രിസഭയിൽ ഒരു മുസ് ലിം ശബ്ദമില്ലാത്തതിനെയും സുപ്രഭാതം എഡിറ്റോറിയൽ കുറ്റപ്പെടുത്തി. ജനാധിപത്യ പ്രക്രിയയിൽനിന്ന് 20 കോടിയോളം വരുന്ന ജനതയെ മാറ്റിനിർത്തുന്നത് ആ സമൂഹത്തിന് നല്ല സന്ദേശമല്ല നൽകുകയെന്ന ബോധ്യം രാജ്യത്തെ നയിക്കുന്നവർക്കുണ്ടാകണം. ഇക്കാര്യത്തിൽ തിരുത്തൽ നടപടികൾ അനിവാര്യമാണെന്നും എഡിറ്റോറിയൽ നിർദേശിക്കുന്നു.