സ്വപ്ന സുരേഷിനെ എച്ച്.ആർ.ഡി.എസ് പുറത്താക്കി
'സ്വപ്നക്കെതിരായ അന്വേഷണങ്ങൾ സ്ഥാപനത്തെ ബാധിക്കുന്നു'
പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്.ആർ.ഡി.എസ് പുറത്താക്കി. സ്വപ്നക്കെതിരായ അന്വേഷണങ്ങൾ സ്ഥാപനത്തെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സർക്കാർ നിരന്തരം എച്ച്.ആർ.ഡി.എസ്‌നെ വേട്ടയാടുകയാണെന്നും ജീവനക്കാരെ അനാവശ്യമായി ചോദ്യം ചെയ്യുകയാണെന്നും പ്രൊജക്ട് ഡയറക്ടർ ജോയ് മാത്യൂ വിശദീകരിച്ചു.
വേതനമുള്ള ജോലിയിൽ നിന്നാണ് സ്വപ്നയെ നീക്കിയത്. സ്വപ്നയുടെ സൗജന്യ സേവനം തുടരും. ഇതിന്റെ അടിസ്ഥാനത്തിൽ സ്ത്രീ ശാക്തീകരണ ഉപദേശക സമിതി അധ്യക്ഷയായി സ്വപ്നയെ എച്ച്ആർഡിഎസ് തെരഞ്ഞെടുത്തു. ഇതുവരെ 40000 രൂപ ശമ്പളവും 7000 രൂപ യാത്ര ബത്തയുമായിരുന്നു നൽകിയത് ഇനി അതുണ്ടാവില്ലെന്ന് എച്ച്.ആർ.ഡി.എസ് അറിയിച്ചു.
മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പരമർശം സ്വപ്നയെ എച്ച്.ആർ.ഡി.എസ് ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നു എന്നാണ്. ഇത് തങ്ങൾ പരാതിയായി കാണുന്നു എന്നും സ്വപ്‌ന സുരേഷിനെ പുറത്താക്കുന്നു എന്നും എച്ച്.ആർ.ഡി.എസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മാത്രമല്ല സ്വർണക്കടത്ത് കേസിലെ പ്രധാനപ്രതി ശിവശങ്കറിന് സർക്കാർ നിയമനം നൽകിയതിനാലാണ് എച്ച്ആർഡിഎസ് സ്വപ്നക്ക് ജോലി നൽകിയതെന്നും ശിവശങ്കറിനേയും ഇതേ രീതിയിൽ പിരിച്ച് വിട്ട് സർക്കാർ മാതൃകയാകണമെന്നും എച്ച്.ആർ.ഡി.എസ് പറഞ്ഞു.