'എവിടന്ന് പൊട്ടുമെന്ന് നാളെ നോക്കാം'; വോയ്സ് ക്ലിപ്പിൽ സ്വപ്‌ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ ഗൂഢാലോചന നടത്തിയ കേസിൽ സ്വപ്ന സുരേഷ്, പി.എസ് സരിത്ത് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരിക്കുകയാണ്

Update: 2022-06-09 15:53 GMT
Advertising

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടനിലക്കാരനായി കാണാനെത്തിയ ഷാജ് കിരണും താനും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ വോയ്സ് ക്ലിപ്പ് പലരുടെയും കയ്യിലുണ്ടെന്നും എവിടന്ന്  പൊട്ടുമെന്ന് നാളെ നോക്കാമെന്നും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. സ്വപ്‌നയുടെ അഭിഭാഷകനാണോ വോയിസ് ക്ലിപ്പ് പുറത്തുവിടുകയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് സ്വപ്‌ന ഇങ്ങനെ പ്രതികരിച്ചത്. മുഖ്യമന്ത്രിക്കെതിരായ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരൺ കഴിഞ്ഞ ദിവസം തന്നെ കണ്ടെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഇതിന്റെ തെളിവാണ് നാളെ പുറത്തുവിടുമെന്ന് പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും ഇടനിലക്കാരനാണ് ഷാജ് കിരണെന്നും സ്വപ്ന മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു.

ഷാജ് കിരൺ അടുത്ത സുഹൃത്താണെന്നും പി.എസ് സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുക്കുമെന്ന് അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായും സ്വപ്ന സുരേഷ് പറഞ്ഞു. കോടതിയിൽ നൽകിയ രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ ആവശ്യപ്പെട്ടതായും സ്വപ്ന സുരേഷ് പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.

ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത് സരിത്തിന് നേരെ ആക്രമണം ഉണ്ടായതിനാലാണ്. അന്വേഷണം തടയാനോ, ഗൂഢാലോചന ഉള്ളതു കൊണ്ടോ അല്ല പൊലീസ് ബുദ്ധിമുട്ടിക്കും എന്ന ഭയത്താലാണ് ജാമ്യാപേക്ഷ നൽകിയതെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഷാജ് കിരൺ താൻ വിളിച്ചതിനാൽ തന്നെയാണ് ഓഫീസിൽ വന്നത്. സരിത്തിനെ കസ്റ്റഡിയിൽ എടുക്കുന്ന കാര്യം ഷാജ് കിരൺ നേരത്തെ പറഞ്ഞിരുന്നതായും അതിനാലാണ് സരിത്തിനെ വിജിലൻസ് കസ്റ്റഡിയിൽ എടുത്തപ്പോൾ ഷാജ് കിരണിനെ വിളിച്ചതെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ നികേഷ് കുമാറിനോട് സംസാരിക്കണം, മൊബൈൽ ഫോൺ കൈമാറണം എന്ന് ഷാജ് കിരൺ ആവശ്യപ്പെട്ടു. എച്ച്.ആർ.ഡി.എസിനെ പൂട്ടും എന്ന് ഇന്ന് രാവിലെയും ഷാജ് ഭീഷണിപ്പെടുത്തിയതായും സ്വപ്ന പറഞ്ഞു. 164 പിൻവലിച്ചില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും 12 പേരടങ്ങുന്ന സംഘമാണ് കേസുകൾ അന്വേഷിക്കാൻ പോകുന്നതെന്നും ഷാജ് പറഞ്ഞു. ഒരു ഗൂഡാലോചനയും താൻ നടത്തിയിട്ടില്ലെന്നും അതുകൊണ്ട് ഒരു ആശങ്കയും തനിക്കില്ലെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് ഷാജനെ പരിചയപ്പെടുത്തിയതെന്നും സ്വപ്ന വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ ഗൂഢാലോചന നടത്തിയ കേസിൽ സ്വപ്ന സുരേഷ്, പി.എസ് സരിത്ത് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ജസ്റ്റിസ് വിജു എബ്രഹാം ആണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കുന്ന കുറ്റം മാത്രമാണെന്നും അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ലെന്നും അതിനാൽ മുൻകൂർ ജാമ്യപേക്ഷ നിലനിൽക്കില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് മുൻകൂർ ജാമ്യപേക്ഷയിലുള്ളത്. സമൂഹത്തിലെ പ്രമുഖരെ വ്യക്തിഹത്യ ചെയ്യുകയാണ് ഇരുവരുടെയും ഉദ്ദേശമെന്നും പി.എസ് സരിത്ത് കേസിൽ പ്രതിയല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ പൊലീസ് പീഡനം തുടരുകയാണെന്നായിരുന്നു സ്വപ്നയുടെ വാദം. നിലവിലെ സാഹചര്യത്തിൽ സ്വപ്നയെയും സരിത്തിനെയും അറസ്റ്റു ചെയ്യില്ലെന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. ഭാവിയിൽ അറസ്റ്റു ചെയ്യില്ലെന്ന ഉറപ്പ് നൽകാനാവില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം കെ.ടി ജലീൽ എം.എൽ.എയുടെ പരാതിയിൽ പി.സി ജോർജിനും സ്വപ്ന സുരേഷിനുമെതിരെ തിരുവനന്തപുരം കൻറോൺമെൻറ് പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.

ഇന്നലെ സ്വപ്ന സുരേഷിനെ പാലക്കാട് വെച്ച് കണ്ടെന്ന് ഷാജ് കിരൺ സമ്മതിച്ചിരുന്നു. കഴിഞ്ഞ 60 ദിവസമായി സ്വപ്ന സുരേഷിനെ അറിയാം. അവരുടെ സുഹൃത്തിനെ ആരോ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞ് വിളിച്ചിട്ടാണ് സ്വപ്നയെ കാണാൻ പോയത്. തനിക്കറിയാവുന്ന സ്വപ്ന തനിക്കെതിരെ പറയില്ലെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുമായുമായോ കോടിയേരി ബാലകൃഷ്ണനുമായോ തനിക്ക് ബന്ധമില്ല. ശിവശങ്കറിനെ ടി.വിയിൽ കണ്ട പരിചയം മാത്രമാണുള്ളത്. സ്വപ്നയുടെ വീട് വിൽക്കാൻ വേണ്ടിയാണ് ആദ്യമായി അവർ തന്നെ ബന്ധപ്പെടുന്നത്. അതിന് ശേഷം എല്ലാ ദിവസവും അവരുമായി ഫോണിൽ ബന്ധപ്പെടാറുണ്ട്. ആരുടെയും മധ്യസ്ഥനായി താൻ സ്വപ്നയെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്ന പറയുന്ന കാര്യങ്ങൾ അവരുടെ സ്വന്തം തീരുമാനമാണെന്ന് കരുതുന്നില്ല. താൻ എഷ്യാനെറ്റിലും ഇന്ത്യാവിഷനിലും ജയ്ഹിന്ദിലും മാധ്യമപ്രവർത്തകനായിരുന്ന ആളാണ്. അന്ന് രാഷ്ട്രീയ നേതാക്കളുമായി ജോലിയുമായുള്ള ബന്ധമുണ്ട്. അല്ലാതെ ഒരു നേതാവുമായും ബന്ധമില്ല. ആർക്ക് വേണമെങ്കിലും തന്റെ ഫോൺ രേഖകൾ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Full View

Swapna Suresh Reacts on voice clip

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News