സ്വപ്‌ന സുരേഷിന് നൽകിയ ശമ്പളം തിരികെ നൽകാനാവില്ലെന്ന് പിഡബ്ല്യുസി
വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് സ്വപ്‌ന സുരേഷ് സ്‌പേസ് പാർക്കിൽ ജോലി നേടിയതെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ശമ്പളം തിരികെ നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്.
തിരുവനന്തപുരം: സ്വപ്‌ന സുരേഷിന് നൽകിയ ശമ്പളം തിരികെ നൽകാനാവില്ലെന്ന് പിഡബ്ല്യുസി. ഇക്കാര്യം വ്യക്തമാക്കി പിഡബ്ല്യുസി സർക്കാരിന് കത്തയച്ചു. സംസ്ഥാന സർക്കാരിന് കീഴിലുള്ള കെഎസ്‌ഐടിഐഎല്ലിന്റെ ആവശ്യമാണ് കമ്പനി തള്ളിയത്. വിഷയത്തിൽ കെഎസ്‌കെടിഐഎൽ നിയമോപദേശം തേടി. 19,06,730 രൂപയാണ് സ്വപ്നക്ക് ശമ്പളമായി നൽകിയത്.
വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് സ്വപ്‌ന സുരേഷ് സ്‌പേസ് പാർക്കിൽ ജോലി നേടിയതെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ശമ്പളം തിരികെ നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. സംസ്ഥാന സർക്കാരിന് സംഭവിച്ച നഷ്ടം തിരികെ പിടിക്കണമെന്ന ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിലായിരുന്നു സർക്കാർ നടപടി. കൺസൾട്ടൻസി കമ്പനിയായ പിഡബ്ല്യുസിയാണ് സ്വപ്നയെ നിയമിച്ചതെന്നും അതിനാൽ സ്വപ്‌നയ്ക്ക് ശമ്പളമായി നൽകിയ തുക തിരികെ നൽകണമെന്നുമാണ് കെഎസ്‌ഐടിഐഎൽ, പിഡബ്ല്യുസിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്.