സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍
ലീഗ് ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗിന്‍റെ പുതിയ സംസ്ഥാന അധ്യക്ഷന്‍. ലീഗ് ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ഹൈദരലി തങ്ങൾ അസുഖ ബാധിതനായപ്പോൾ സാദിഖലി തങ്ങൾക്കായിരുന്നു താല്‍ക്കാലിക ചുമതല. നിലവില്‍ മലപ്പുറം ജില്ലാ പ്രസിഡന്‍റും ലീഗ് ഉന്നതാധികാര സമിതി അംഗവുമാണ്.
1964ലാണ് സാദിഖലി ശിഹാബ് തങ്ങളുടെ ജനനം. പിതാവ്- പി.എം.എസ്.എ പൂക്കോയ തങ്ങൾ. മാതാവ്- ഖദീജ ഇമ്പിച്ചി ബീവി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റായും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ ജനറൽ സെക്രട്ടറി, വളവന്നൂർ ബാഫഖി യതീംഖാന പ്രസിഡന്‍റ്, പൊന്നാനി മഊനത്തുൽ ഇസ്‍ലാം സഭ വൈസ് പ്രസിഡന്‍റ്, എരമംഗലം ദാറുസ്സലാമത്ത് ഇസ്‍ലാമിക് കോംപ്ലക്സ് പ്രസിഡന്‍റ്, കാടഞ്ചേരി നൂറുൽ ഹുദാ ഇസ്‍ലാമിക് കോളജ് പ്രസിഡന്‍റ്, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്, സമസ്ത കേരള ഇസ്‍ലാം മത വിദ്യഭ്യാസ ബോർഡ് നിർവ്വാഹക സമിതി അംഗം, കോഴിക്കോട് ഇസ്‍ലാമിക് സെന്റർ ചെയർമാൻ, പെരുമണ്ണ പുത്തൂർമഠം ജാമിഅ ബദരിയ്യ ഇസ്‍ലാമിയ്യ പ്രസിഡന്‍റ്, പേരാമ്പ്ര ജബലുന്നൂർ ഇസ്‍ലാമിക് കോളജ് പ്രസിഡന്‍റ്, കിഴിശ്ശേരി മുണ്ടംപറമ്പ് റീജിയണൽ ആർട്‌സ് ആന്റ് സയൻസ് കോളജ് (നാഷണല്‍ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്) ചെയർമാൻ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹൈദരലി തങ്ങളുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ തീരുമാനിച്ചത്. പാണക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് പുലർച്ചെ 2.40നായിരുന്നു ഹൈദരലി തങ്ങളുടെ ഖബറടക്കം. പിതാവ് പൂക്കോയ തങ്ങളുടെയും സഹോദരൻ മുഹമ്മദലി ശിഹാബ് തങ്ങളുടെയും അരികിൽ ഹൈദരലി തങ്ങൾക്ക് അന്ത്യവിശ്രമമൊരുക്കി. അപ്രതീക്ഷിതമായി ചടങ്ങുകൾ നേരത്തെയാക്കിയെങ്കിലും നേരത്തെ നിശ്ചയിച്ച പ്രകാരം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. പ്രിയ നേതാവിന്റെ വേർപാടിൽ മനംനൊന്ത് കൊടപ്പനക്കൽ തറവാട്ട് മുറ്റത്തേക്കും ഖബർസ്ഥാനിലേക്കും സന്ദർശക പ്രവാഹമാണ്.