കേരള സർവകലാശാലയിൽ താത്കാലിക അധ്യാപകനിയമനം നടത്താൻ സിൻഡിക്കേറ്റ് തീരുമാനം

വിവാദമായ പട്ടികയിൽ നിന്ന് 14 പേരെ ഉടൻ നിയമിക്കണമെന്നാണ് യോഗത്തിൻ്റെ ഭൂരിപക്ഷാഭിപ്രായം.

Update: 2024-11-12 00:59 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: തർക്കത്തിന് ശേഷം കേരള സർവകലാശാലയിൽ താത്കാലിക അധ്യാപകനിയമനം നടത്താൻ സിൻഡിക്കേറ്റ് തീരുമാനം. വിവാദമായ പട്ടികയിൽ നിന്ന് 14 പേരെ ഉടൻ നിയമിക്കണമെന്നാണ് യോഗത്തിൻ്റെ ഭൂരിപക്ഷാഭിപ്രായം. നേരത്തെ പട്ടിക ചട്ടവിരുദ്ധമെന്ന് പറഞ്ഞ വിസി, ഇന്നലത്തെ യോഗത്തിന് ശേഷം തീരുമാനം അറിയിച്ചില്ല.

വൈസ് ചാൻസിലറോ അദ്ദേഹത്തിന്റെ നോമിനിയോ അധ്യക്ഷത വഹിക്കേണ്ട സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാൻ ഡിവൈഎഫ്ഐ നേതാവ് ആയി എന്നതാണ് വിവാദത്തിൻ്റെ കാരണം. ഈ കമ്മിറ്റി, വിസിയുടെ അതൃപ്തി അവഗണിച്ച് അഭിമുഖം നടത്തുകയും 17 അധ്യാപകരുടെ പട്ടിക സിൻഡിക്കേറ്റ് യോഗത്തിൽ വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ യോഗത്തിൽ പട്ടിക അംഗീകരിക്കാൻ കഴിയില്ല എന്ന് വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ അറിയിച്ചു.

തുടർന്ന് ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗത്തിലും വിഷയം ചർച്ചയായി. അപ്പോഴും പഴയ നിലപാട് തന്നെ വൈസ് ചാൻസിലർ ആവർത്തിച്ചെങ്കിലും ഭൂരിപക്ഷം കമ്മിറ്റിക്ക് ഒപ്പമായിരുന്നു. ആകെയുള്ള 17 അംഗങ്ങളിൽ 14 പേർ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ടു. രണ്ട് ബിജെപി അംഗങ്ങൾ പട്ടികയെ എതിർത്തപ്പോൾ കോൺഗ്രസ് അംഗം അഭിപ്രായം പറയാൻ തയ്യാറായില്ല. സർവകലാശാലയിൽ അധ്യാപക ക്ഷാമമുണ്ടെന്നും നാലുവർഷ ബിരുദവുമായി ബന്ധപ്പെട്ട് അടിയന്തരമായി നിയമനം നടത്തണമെന്നും ഇടത് അംഗങ്ങൾ വാദിച്ചു.

തുടർന്ന് ഭൂരിപക്ഷാഭിപ്രായ പ്രകാരം പട്ടികയിൽ നിന്നും 14 പേരെ നിയമിക്കാനാണ് തീരുമാനം. തീരുമാനം മിനിറ്റ്സിൽ എഴുതിയെങ്കിലും വൈസ് ചാൻസലർ മറുപടി പറഞ്ഞിട്ടില്ല. നിയമനം സംബന്ധിച്ച് ബിജെപി സിൻഡിക്കേറ്റ് അംഗം പി.എസ് ഗോപകുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കോടതി നിലപാട് അറിഞ്ഞശേഷമാകും വൈസ് ചാൻസലറുടെ അന്തിമ തീരുമാനം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News