'തമിഴ്‌നാട് സർക്കാറിന്റെ ആഭ്യന്തരം പിന്നിൽ നിന്ന് ആർക്കും നിയന്ത്രിക്കാനാവില്ല'
സൊഹ്‌റാബുദ്ദീൻ ഷെയ്‌ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമിയുടെ പുതിയ നിയമനത്തെ അഭിനന്ദിച്ച് ടി സിദ്ദിഖ്
തമിഴ്നാട്ടില്‍ വിജിലന്‍സ് - ആന്‍റികറപ്ഷന്‍ തലപ്പത്തെ പുതിയ നിയമനത്തെ അഭിനന്ദിച്ച് ടി സിദ്ദിഖ് എംഎല്‍എ. സൊഹ്‌റാബുദ്ദീൻ ഷെയ്‌ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമിയുടെ നിയമനത്തെ കുറിച്ചാണ് സിദ്ദിഖ് പറഞ്ഞത്. ബിജെപി ഇല്ലാതാക്കാൻ ശ്രമിച്ച ധീരനായ പൊലീസ് ഓഫീസറെ നിയമിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് അഭിവാദ്യങ്ങളെന്നും സിദ്ദിഖ് പറഞ്ഞു.
ഫാഷിസ്റ്റ് ഭരണകൂടത്തിന് നേരെയുള്ള ചെറുത്ത് നിൽപ്പിന്റെ ഭാഗമാണ് ഇത്തരം തീരുമാനങ്ങൾ. കോൺഗ്രസ് ഉൾപ്പെടുന്ന തമിഴ്‌നാട് സർക്കാറിന്റെ ആഭ്യന്തരം പിന്നിൽ നിന്ന് ആർക്കും നിയന്ത്രിക്കാനാവില്ലെന്നതിന്റെ സൂചന കൂടിയാണിതെന്നും സിദ്ദിഖ് അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം സേവാഭാരതി പ്രവര്‍ത്തകര്‍ പാലക്കാട് പൊലീസിനൊപ്പം വാഹനപരിശോധന നടത്തിയതിനെ സിദ്ദിഖ് വിമര്‍ശിച്ചിരുന്നു. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം പരിശോധന നടത്തിയത്. പൊലീസിന്റെ അധികാരം സേവഭാരതിക്ക് നൽകുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പൊലീസിനെ സംഘടനകൾ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നുവെന്നും സിദ്ദിഖ് കുറിച്ചു.
അമിത് ഷായെ അറസ്റ്റ് ചെയ്ത കന്ദസ്വാമി
2010ലെ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് അമിത് ഷായെ അറസ്റ്റ് ചെയ്യുമ്പോള്‍ കന്ദസ്വാമി സിബിഐയില്‍ ഐജിയായി പ്രവര്‍ത്തിക്കുകയായിരുന്നു. ഒഡിഷ കേഡറിലെ അമിതാഭ് താക്കൂറായിരുന്നു ഡെപ്യൂട്ടി ഡിഐജി. ഈ കേസില്‍ അമിത് ഷാ പിന്നീട് കുറ്റവിമുക്തനായി. 2007ല്‍ ഇംഗ്ലണ്ട് സ്വദേശിനിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസും അന്വേഷിച്ച് തെളിയിച്ചത് കന്ദസ്വാമിയും അമിതാഭുമാണ്. എസ്എന്‍സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് കന്ദസ്വാമി മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അന്വേഷണം നടത്തുകയുണ്ടായി.
സിദ്ദിഖിന്‍റെ കുറിപ്പ്
സൊഹ്‌റാബുദ്ദീൻ ഷെയ്‌ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐപിഎസ് പുതിയ തമിഴ്‌നാട് ഡിജിപി. വിജിലൻസ്-ആന്റി കറപ്‌ഷൻ തലപ്പത്താണു നിയമനം. ബിജെപി ഇല്ലാതാക്കാൻ ശ്രമിച്ച ധീരനായ പൊലീസ് ഓഫീസറെ നിയമിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനു അഭിവാദ്യങ്ങൾ. ഫാഷിസ്റ്റ് ഭരണകൂടത്തിനു നേരെയുള്ള ചെറുത്ത് നിൽപ്പിന്റെ ഭാഗമാണു ഇത്തരം തീരുമാനങ്ങൾ. കോൺഗ്രസ് ഉൾപ്പെടുന്ന തമിഴ്‌നാട് സർക്കാറിന്റെ ആഭ്യന്തരം പിന്നിൽ നിന്ന് ആർക്കും നിയന്ത്രിക്കാനാവില്ലെന്നതിന്റെ സൂചന കൂടിയാണിത്.
സൊഹ്‌റാബുദ്ദീൻ ഷെയ്‌ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐ പി എസ് പുതിയ തമിഴ്‌നാട്...
Posted by T Siddique on Monday, May 10, 2021